എംവിഡിയുടെ 135 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ല; നാട്ടുകാരുടെ വണ്ടികളുടെ മുക്കും മൂലയും പരിശോധിക്കുന്നവരുടെ തട്ടിപ്പ്

‘പേറെടുക്കാന്‍ വന്ന വയറ്റാട്ടി ഇരട്ട പെറ്റു’ എന്ന പഴഞ്ചൊല്ലു പോലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അവസ്ഥ. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാന്‍ ഫിറ്റാണോ എന്നൊക്കെ പരിശോധിക്കുന്ന എംവിഡിയുടെ (Motor Vehicles Department ) 135 വണ്ടികള്‍ അണ്‍ഫിറ്റാണെന്ന് വീല്‍സിന്റെ (VEELS ) രേഖകള്‍. സര്‍ക്കാരിന്റെ വാഹന മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് വീല്‍സ്.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ 3591 വാഹനങ്ങള്‍ റോഡിലിറങ്ങാന്‍ പറ്റാത്ത കണ്ടീഷനിലാണ്. ഏതാണ്ട് ചത്ത അവസ്ഥയിലുള്ളവ എന്നു തന്നെ പറയാം. അണ്‍ഫിറ്റ് വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോലീസിന്റേതാണ്. ഇത്തരത്തില്‍ 916 വണ്ടികളാണ് പോലീസിന്റെ പക്കലുള്ളത്. ആരോഗ്യവകുപ്പിലെ 610 വാഹനങ്ങള്‍ പൂര്‍ണമായും അനാരോഗ്യം ബാധിച്ചവയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ നിത്യജീവിതവുമായി ഏറെ ബന്ധപ്പെടുന്ന രണ്ട് പ്രധാന വകുപ്പുകളിലെ 1526 വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പറ്റാത്ത കണ്ടക്ഷനിലാണ്.

ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു പുറമെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, വിഐപി സുരക്ഷ, ആരോഗ്യ- ജീവന്‍ രക്ഷാ പരിപാടികള്‍ക്കും ഓരോ മിനിറ്റിലും പോകേണ്ടി വരുന്ന പോലീസിലും ആരോഗ്യ വകുപ്പിലും മൊത്തം ചക്കടാ വണ്ടികളാണ്. തീപിടുത്തമോ, ദുരന്തമോ ഉണ്ടായാല്‍ പാഞ്ഞെത്തേണ്ട ഫയര്‍ഫോഴ്‌സിലും കണ്ടം ചെയ്യാറായ 116 തള്ളാസ് വണ്ടികളുണ്ട്.ള്‍. തൊട്ടതിനും പിടിച്ചതിനും കേരളം നമ്പര്‍ വണ്‍ എന്ന് തള്ളി മറിക്കുന്ന മന്ത്രിമാര്‍ ഇതൊന്നും കാണുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

ഇത്തരം തല്ലിപ്പൊളി വണ്ടികള്‍ എല്ലാ വകുപ്പിലുമുണ്ടെന്നാണ് വീല്‍സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റവന്യൂവില്‍ 100, ജിഎസ്ടി – 86, എക്‌സൈസ് 58 എന്നിങ്ങനെ പോകുന്നു കണക്കുകള്‍. പുതിയ കേന്ദ്ര നിയമ പ്രകാരം 15 വര്‍ഷം കഴിഞ്ഞ എല്ലാ വണ്ടികളും ഒഴിവാക്കണമെന്നാണ്. എന്നാല്‍ സംസ്ഥാന വകുപ്പുകളിലെ ഭുരിപക്ഷം വണ്ടികളും 15 വര്‍ഷം കഴിഞ്ഞവയാണ്. മിക്കവയും ദയാവധം കാത്തു കിടക്കുന്നവയാണ്. നിരത്തിലിറക്കാന്‍ പറ്റുന്നവയല്ല എന്നര്‍ത്ഥം. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് കളയുന്നതിനായി കേന്ദ്രം 150 കോടി രൂപയുടെ സ്‌ക്രാപ്പേജ് (Scrappage) സ്‌കീം സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി രജിസ്‌ട്രേര്‍ഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റീസ് ( Registered Vehicles Scrapping facilities – RVSF) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതുവരെ കേരളത്തില്‍ അത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടില്ല. ഇത്തരം ഒരു കേന്ദ്രം കെഎസ്ആര്‍ടിസിയുടെ നേതൃത്വത്തിലും ബാക്കി രണ്ടെണ്ണം ടെണ്ടര്‍ വിളിച്ച് നല്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല.

കാലാവധി തീര്‍ന്ന വാഹനങ്ങള്‍ പടിപടിയായി നിരത്തുകളില്‍നിന്ന് ഒഴിവാക്കുകയാണ് സ്‌ക്രാപ്പേജ് പോളിസി അഥവാ പൊളിക്കല്‍ നയം. മലിനീകരണം കുറയ്ക്കുക, ഇന്ധന ഇറക്കുമതി കുറയ്ക്കുക, സിഎന്‍ജി-വൈദ്യുതി വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഇന്ധനക്ഷമത കൂടിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവയാണ് സ്‌ക്രാപ്പേജ് പോളിസിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top