ലീഗിനെ പാട്ടിലാക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് മൂന്നാമതും തിരിച്ചടി; എംവിആര്‍ ട്രസ്റ്റ് പരിപാടിയില്‍ നിന്നും അവസാന നിമിഷം നാടകീയമായി പിന്മാറി കുഞ്ഞാലിക്കുട്ടി
![](https://www.madhyamasyndicate.com/wp-content/uploads/2023/11/Untitled-design-50.jpg)
തിരുവനന്തപുരം: സിപിഎം അനുകൂല എം.വി.രാഘവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പരിപാടിയില്‍ നിന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നാടകീയമായി പിന്മാറി. പരിപാടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംഘാടകരെ വിളിച്ചറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ കണ്ണൂര്‍ ചേംബര്‍ ഹാളിലാണ് പരിപാടി നടക്കാനിരുന്നത്. കേരള നിര്‍മിതിയില്‍ സഹകരണ മേഖലയുടെ പങ്ക് എന്ന സെമിനാറിലെ മുഖ്യ പ്രഭാഷകനായിരുന്നു കുഞ്ഞാലിക്കുട്ടി. സിപിഎം നേതാക്കള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി മുഖ്യപ്രാസംഗികനായി എത്തുന്നത് ലീഗിലും യുഡിഎഫിലും വിവാദമായി തുടരുന്നതിനിടെയാണ് അവസാന നിമിഷത്തെ പിന്മാറ്റം.
ലീഗ്-സിപിഎം ബന്ധം ചർച്ചയായി തുടരുന്നതിനിടെയാണ് എംവിആര്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്നതും വാര്‍ത്തയായത്. അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി.എന്‍.വാസവനാണ്. സിപിഎം നേതാക്കളായ പാട്യം രാജന്‍, എം.വി.ജയരാജന്‍, എം.കെ.കണ്ണന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന സിപിഎം നേതാക്കള്‍.
എംവിആര്‍ ട്രസ്റ്റ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ഇന്നലെ മാധ്യമ സിന്‍ഡിക്കറ്റ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം തേടിയിരുന്നു. ‘മറ്റ് യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയാണ്. രാഘവനുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പം പരിഗണിച്ചാണ് പങ്കെടുക്കുന്നത്’. അദ്ദേഹം അറിയിച്ചു. മറ്റ് യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും കുഞ്ഞാലിക്കുട്ടി പങ്കെടുക്കുമെന്നാണ് മറുപടി കിട്ടിയത്.
എംവിആര്‍ ട്രസ്റ്റ് വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ മാത്രം ക്ഷണിച്ചതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു.രാഘവനുമായി അടുപ്പമുള്ളതിനാലാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചതെന്നായിരുന്നു സംഘാടകരുടെ മറുപടി. അങ്ങനെയെങ്കില്‍ കെ.സുധാകരനെ ക്ഷണിക്കാതിരുന്നതെന്ത് എന്ന ചോദ്യത്തിന് സംഘാടകര്‍ കൃത്യമായ മറുപടിയും പറഞ്ഞിരുന്നില്ല. ഇത് മൂന്നാം തവണയാണ് ലീഗിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തില്‍ സിപിഎമ്മിന് തിരിച്ചടിയേല്‍ക്കുന്നത്.
പൗരത്വബില്‍ സെമിനാറില്‍ ലീഗിനെ ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിച്ചില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി ലീഗ് പിന്മാറിയിരുന്നു. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയില്‍ അങ്ങോട്ട് ക്ഷണം വാങ്ങി ലീഗ് പങ്കെടുക്കാന്‍ ഒരുങ്ങിയെങ്കിലും കോണ്‍ഗ്രസ് സമ്മര്‍ദ്ദം വന്നപ്പോള്‍ പിന്മാറുകയായിരുന്നു. ഇതിനൊപ്പം തന്നെയാണ് കണ്ണൂരില്‍ എംവിആര്‍ ട്രസ്റ്റ് പരിപാടിയില്‍ നിന്നുള്ള കുഞ്ഞാലിക്കുട്ടിയുടെ പിന്മാറ്റവും.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here