ഷംന കാസിമുമായുള്ള അടുപ്പം തുറന്നുപറഞ്ഞ് മിഷ്കിൻ; ‘അടുത്ത ജന്മത്തിൽ മകനായി ജനിക്കണം’
മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് നടി ഷംന കാസിം. തമിഴിലും തെലുങ്കിലും പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്. സംവിധായകൻ മിഷ്കിന്റെ സഹോദരൻ ജി.ആർ ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിൾ’ ആണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ മിഷ്കിൻ ഷംനയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
“ഞാൻ അവരുടെ കാൽ എടുത്ത് എൻ്റെ തലയിൽ വയ്ക്കാം. അത്രയും ശുദ്ധമായ ഒരു വ്യക്തിയാണ് അവർ. എനിക്ക് ഒരുപാട് സ്നേഹം നൽകിയിട്ടുള്ള ആളാണ്. ഞങ്ങളെക്കുറിച്ച് ആളുകൾ പലതും സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിലുള്ള ബന്ധം അതിനെല്ലാം അതീതമാണ്. പൂർണ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അത് അവളുടെ കരിയറിനെ ബാധിക്കുമെന്നതിനാൽ എനിക്ക് ദേഷ്യം വന്നു. ഇവിടെയുള്ള ആരെയെങ്കിലും കല്യാണം കഴിച്ചിരുന്നെങ്കിൽ എനിക്കവളെ ഇടക്കിടെ കാണാമായിരുന്നു. ദുബായിലുള്ള ഒരാളെയാണ് പൂർണ വിവാഹം കഴിച്ചത്,” മിഷ്കിൻ പറഞ്ഞു.
അടുത്ത ജന്മത്തിൽ ഷംനയുടെ മകനായി ജനിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മിഷ്കിൻ പറഞ്ഞു. എല്ലാവരുടെയും ജീവിതത്തിൽ അമ്മ, സഹോദരി, ഭാര്യ എന്നിവരല്ലാതെ അടുപ്പമുള്ള ആരെങ്കിലും ഉണ്ടായിരിക്കണമെന്നും തന്റെ ജീവിതത്തിൽ ആ ഒരാൾ ഷംനയാണെന്നും മിഷ്കിൻ പറഞ്ഞു.
സാങ്കൽപ്പികമായൊരു ലോകത്ത് യഥാർത്ഥത്തിൽ ജീവിക്കുന്നു എന്നു തോന്നിപ്പിക്കുന്നതാണ് അഭിനയം. അതുപോലെ അഭിനയിക്കുന്ന നടിയാണ് പൂർണ എന്നും മിഷ്കിൻ പറഞ്ഞു. അവർ എന്നെന്നും അഭിനയിച്ചുകൊണ്ടിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മിഷ്കിൻ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here