ഭാസുരാംഗന്‍റെ പതിവ് പരിപാടി മില്‍മയിലും; 4 കോടിയുടെ വെട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; CPI ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

ആർ.രാഹുൽ
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ ക്രമക്കേട് നടത്തിയ എൻ. ഭാസുരാംഗൻ കുറഞ്ഞൊരു കാലം കൊണ്ട് മിൽമയില്‍ നടത്തിയത് നാല് കോടിയുടെ തട്ടിപ്പ്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിൽ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലൂടെയാണ് ഭാസുരാംഗൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പാല് വാങ്ങി ഇവിടെ എത്തിക്കുന്നതിൽ വാഹനങ്ങൾക്ക് 20 ഇരട്ടിയിലേറെ തുക വാടക ഇനത്തിൽ നൽകിയെന്നാണ് പ്രധാന കണ്ടെത്തൽ. ഓണക്കാലത്ത് അധിക പാൽ വേണമെന്നത് മറയാക്കിയാണ് ഈ തട്ടിപ്പ് നടത്തിയത്. ഒരു ലിറ്റർ പാലിന് 9.29 രൂപയാണ് കടത്ത് കൂലിയായി നൽകിയത്. മഹാരാഷ്ട്രയിൽ നിന്നും പാൽ പത്തനംതിട്ടയിൽ എത്തിച്ച് ഉൽപന്നങ്ങളായി വിൽക്കുമ്പോൾ ഒരു ലിറ്റർ പാലിന് 3.69 രൂപയുടെ നഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ഒരു ലിറ്റർ പാലിന് 40 പൈസയാണ് പതിവ് വിതരണ വാഹനങ്ങൾക്ക് വാടകയായി നൽകുന്നത്. എന്നാൽ ഇതേ വാഹനങ്ങൾക്ക് 2022 ലെ ഓണക്കാലത്ത് ലിറ്ററിന് 9.29 രൂപ നൽകി. ഈ ഇനത്തിൽ മാത്രം 28.51 ലക്ഷം രൂപ നഷ്ടമുണ്ടായി.

ഉൽപാദന ചെലവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാലിൻ്റെ വില മിൽമ കൂട്ടിയത്. ഇതിൻ്റെ ഗുണം ക്ഷീര കർഷകർക്ക് ലഭിച്ചില്ല. കോടി കളുടെ ‘ചെലവ്’ ഉണ്ടായിരുന്നതിനാൽ പാൽ വില കിട്ടിയതിൻ്റെ ഗുണം മിൽമക്കും ഉണ്ടായില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.മേഖലാ യൂണിയൻ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുകയോ ചെയ്യുന്നില്ലെങ്കിലും കാലിത്തീറ്റ ഓർഗനൈസർ തസ്തികയിൽ ഒരു ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്. പ്രതിവർഷം ഈ ജീവനക്കാരിക്ക് ഒരു ലക്ഷത്തി അറുപത്തിയയ്യായിരം (1,65,000 ) രൂപ ശമ്പളമായി നൽകിയിട്ടുണ്ട്. പാലുൽപന്നങ്ങൾ വിറ്റ വകയിൽ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപ കിട്ടാനുണ്ട്. 2022-23 വർഷം വാഹന വാടക ഇനത്തിൽ മേഖലാ യൂണിയൻ 5 കോടിയിലധികം രൂപ ഓം സായി ലോജിസ്റ്റിക്സിന് നൽകിയിട്ടുണ്ട്. ഭരണ സമിതിയുടെ അനുമതിയില്ലാതെയാണ് ഇത്രയും വലിയ തുകയുടെ ഇടപാട് നടന്നിരിക്കുന്നത്. യാതൊരു ടെൻഡർ നടപടികളുമില്ലാതെയാണ് ഈ കമ്പനിയെ നിയമിച്ചിരിക്കുന്നത്.
ഭാസുരാംഗൻ കണ്ടല സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായിരുന്ന കാലത്താണ് 100 കോടിയുടെ ക്രമക്കേടും തട്ടിപ്പും നടന്നതായി കണ്ടെത്തിയത്. സിപിഎം- സിപിഐ നേതാക്കളിൽ പലർക്കും പങ്ക് വഹിതം നൽകുന്നത്കൊണ്ടാണ് ഇത്രയും അഴിമതി നടത്തിയിട്ടും ഭാസുരാംഗനെ സംരക്ഷിക്കുന്നതെന്ന് സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. ഭാസുരാംഗനെ സംരക്ഷിക്കുന്നത് ജില്ലാ സെക്രെട്ടറി മാങ്കോട് രാധാകൃഷ്ണനാണെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. 100 കോടിയുടെ അഴിമതി നടത്തിയ ഭാസുരാംഗൻ പാർട്ടിക്ക് തീരാകളങ്കമാണെന്ന് അംഗങ്ങൾ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചുവെങ്കിലും പാർട്ടിനേത്യത്വം നടപടിയെടുക്കാൻ ഇതുവരെ തയാറായിട്ടില്ല. സിപിഐ ജില്ലാ നേതാക്കളുടെ ബന്ധുക്കൾക്ക് ഭാസുരാംഗൻ മിൽമയിൽ ജോലി നൽകിയിട്ടുണ്ടെന്നും കമ്മിറ്റിയിൽ ആരോപണമുയർന്നിരുന്നു. എന്നിട്ടും പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നടപടി ഒന്നും സ്വീകരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here