ചട്ടലംഘനം നടത്തിയില്ലെന്ന് ആവര്‍ത്തിച്ച് പ്രശാന്ത്; സസ്പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം പ്രതികരിക്കാം
ജീവിതത്തില്‍ ആദ്യമായി ലഭിച്ച സസ്പെന്‍ഷന്‍ ആണിതെന്ന് എന്‍.പ്രശാന്ത്. സ്കൂളിലും കോളജിലും പഠിച്ചിട്ട് സസ്പെന്‍ഷന്‍ കിട്ടിയില്ല. ഓര്‍ഡര്‍ കിട്ടിയ ശേഷം എന്താണ് എന്ന് പരിശോധിക്കണം. – പ്രശാന്ത് പറഞ്ഞു. കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിനെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. അതിനുശേഷമുള്ള പ്രതികരണമാണ് പ്രശാന്ത് നടത്തിയത്.
ചട്ടലംഘനം നടത്തിയിട്ടില്ലെന്നും പ്രശാന്ത് ആവര്‍ത്തിച്ചു. “മലയാളത്തിലും ഇംഗ്ലീഷിലും ഒരുപാട് പ്രയോഗങ്ങളുണ്ട്. ആശയം പ്രകാശിപ്പിക്കാനാണ് ഭാഷ ഉപയോഗിച്ചത്. എല്ലാവരെയും സുഖിപ്പിക്കണം എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിക്കരുത് എന്നാണ് ചട്ടങ്ങളില്‍ പറയുന്നത്.” – പ്രശാന്ത് പറഞ്ഞു.
വിവാദങ്ങളില്‍ അകപ്പെട്ടതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥരായ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിനുമെതിരെ നടപടി വന്നത്. ഇരുവരെയും സര്‍വീസില്‍ നിന്നും ഇന്നലെയാണ് സസ്പെന്‍ഡ് ചെയ്തത്.
Also Read: വിവാദത്തിലായ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് എതിരെ നടപടി; പ്രശാന്തിനും ഗോപാലകൃഷ്‌ണനും സസ്പെൻഷൻ
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ് ഗോപാലകൃഷ്‌ണൻ നേരിട്ടത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച് പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി വന്നത്.
കെ.ഗോപാലകൃഷ്‌ണനും എൻ.പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷണം ഉടൻ തുടങ്ങും. രണ്ടുപേരുടെയും ചെയ്തികള്‍ അഡ്മിനിസ്ടേറ്റീവ് സർവീസിനെ പൊതു മധ്യത്തിൽ നാണം കെടുത്തി എന്നാണ് സര്‍ക്കാര്‍ നിലപാട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here