ബിജെപിയുടെ ക്രിസ്ത്യൻ പ്രേമത്തിന് തിരിച്ചടി; നാഗാലാൻഡിൽ പള്ളി പരിസരങ്ങൾ ശുചീകരിക്കാനുള്ള പാർട്ടി ആഹ്വാനത്തോട് മുഖം തിരിച്ച് സഭകൾ

കൊഹിമ: നാഗാലാൻഡിൽ ക്രിസ്ത്യാനികളെ പാട്ടിലാക്കാൻ പുതിയ നമ്പരുമായി ബിജെപി നാഗാലാൻഡ് ഘടകം. ജനസംഘം സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജിയുടെ എഴുപതാം ചരമദിനം പ്രമാണിച്ച് മെയ് 11ന് ക്രൈസ്തവ ദേവാലയങ്ങളുടെ പരിസരങ്ങൾ വൃത്തിയാക്കാനുള്ള പാർട്ടിയുടെ ആഹ്വാനം വിവിധ സഭാ നേതൃത്വങ്ങൾ തള്ളിക്കളഞ്ഞു.

മണിപ്പൂരിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും തീവ്ര ഹിന്ദുത്വ ശക്തികൾ ക്രൈസ്തവർക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവ ചർച്ചയാണ്. ഇത്തരം പ്രചരണങ്ങൾക്ക് തടയിടാനാണ് പള്ളിപ്പരിസരങ്ങൾ വൃത്തിയാക്കാൻ അണികളോട് നാഗാലാൻഡ് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

നാഗാലാൻഡിലെ ജനസംഖ്യയിൽ 87.93 ശതമാനവും ക്രിസ്ത്യാനികളാണ്. ബിജെപിയും നാഗാലാൻഡിലെ പ്രാദേശിക പാർട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) യോജിച്ചാണ് ഭരണം നടത്തുന്നത്. ഇവിടെ ക്രിസ്ത്യൻ സഭകൾക്ക് ഭരണത്തിലും രാഷ്ട്രീയ പാർട്ടികൾക്കിടയിലും വലിയ സ്വാധീനമുണ്ട്.
സംസ്ഥാനത്തെ ഏറ്റവും വലിയ സഭാവിഭാഗമായ നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ (എൻ ബിസിസി) പള്ളി പരിസരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താമെന്നുള്ള ബിജെപിയുടെ വാഗ്ദാനം പാടെ തള്ളിക്കളഞ്ഞു. ‘സേവനം ചെയ്യാനുള്ള പാർട്ടിയുടെ താല്പര്യത്തെ മാനിക്കുന്നു, പകരം മറ്റ് സ്ഥലങ്ങളിൽ സേവനം ചെയ്യുന്നതാവും ഉത്തമമെന്നാണ്’ ബാപ്സ്റ്റിറ്റ് ചർച്ചിൻ്റെ അധികാരികൾ ബിജെപിക്ക് നൽകിയ കത്തിൽ പറയുന്നത്.

സഭകളെ സ്വാധീനിക്കാനുള്ള ഇത്തരം ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണ മെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട് . ബിജെപി സംസ്ഥാന അധ്യക്ഷൻ ബെഞ്ചമിൻ യെപ്തോമിയാണ് ദേവാലയ ശുചീകരണത്തിന് ആഹ്വാനം നൽകിയത്.

മതപരമായ കാര്യങ്ങളിൽ രാഷ്ടീയ പാർട്ടികൾ ഇടപെടാനുള്ള നീക്കങ്ങളോട് സഭകൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ടീയ പാർട്ടികൾ വിശുദ്ധമായ ദേവാലയങ്ങളെ രാഷ്ടീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കരുതെന്ന് നാഗാലാൻഡ് ക്രിസ്ത്യൻ റിവൈവൽ ചർച്ച് കൗൺസിലും (എൻസിആർ സിസി) ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കൊപ്പം ബിജെപി നിൽക്കുന്നതാണ് അഭികാമ്യമെന്ന് എൻസിആർസിസി പ്രസിഡൻ്റ് ഫാദർ എൻ പാഫിനോ ചൂണ്ടിക്കാട്ടി. നാഗാലാൻഡിന് പുറത്ത് പലയിടങ്ങളിലും ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടുണ്ട്. പറ്റുമെങ്കിൽ അവിടെ ഒക്കെ ഒന്നു പോയി സന്ദർശിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഗാലാന്‍ഡിലെ പളളി പരിസരങ്ങൾ വൃത്തിയാക്കാനുള്ള നീക്കം വെറും കാപട്യമാണെന്ന് ഫാദർ പാഫിനോ ചൂണ്ടിക്കാട്ടി.

നാഗാലാൻഡിൻ്റെ അയൽ സംസ്ഥാനമായ മണിപ്പൂരിൽ 500ലധികം ആരാധനാലയങ്ങൾ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിപക്ഷവും ക്രൈസ്തവ ദേവാലയങ്ങളാണ്. മണിപ്പൂരിലെ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ പ്രാണരക്ഷാർത്ഥം നാഗാലാൻഡിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഈ യാഥാർത്ഥ്യങ്ങൾ ബിജെപിക്കെതിരെ എതിരാളികൾ ഉയർത്തുമ്പോഴാണ് പുതിയ അടവുമായി രംഗത്ത് വന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top