ബിജെപി പ്രസിഡൻ്റിൻ്റെ മകൻ ബാറിലെത്തിയ ദൃശ്യങ്ങൾ കാണാനില്ല; നാഗ്പൂര്‍ ഔഡി അപകടത്തിൽ പോലീസിൻ്റെ വെളിപ്പെടുത്തൽ
മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ മകൻ സങ്കേത് ബവൻകുലെ സന്ദർശിച്ച ലാ ഹോറേ (La Horre ) ബാറിലെ സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്ന് നാഗ്പൂർ പോലീസ്. സാങ്കേതിൻ്റെ കാർ നിരവധി വാഹനങ്ങളെ ഇടിച്ച് അപകടമുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ടാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ദൃശ്യങ്ങൾ പോലീസിന് കൈമാറാൻ ബാർ മാനേജ്‌മെൻ്റ് വിസമ്മതിച്ചിരുന്നു. നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡിവിആർ) പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ സങ്കേതും സുഹൃത്തുക്കളും ബാർ സന്ദർശിച്ച ദൃശ്യങ്ങൾ അതില്‍നിന്നും കണ്ടെത്താനായില്ല. തെളിവുകൾ നശിപ്പിക്കപ്പെട്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനക്ക് അയച്ചതായും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു ബിജെപി നേതാവിൻ്റെ മകൻ്റെ ഔഡി കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയത്. നിർത്താത പോയ വാഹനത്തെ മറ്റൊരു കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് വണ്ടിയിൽ ഉണ്ടയിരുന്ന അർജുൻ ഹവ്രെ, സങ്കേത് ബവൻകുലെ, റോണിത് ചിറ്റംവാർ എന്നിവരെ പോലീസിന് കൈമാറി. ഇവർ സഞ്ചരിച്ച കാറിടിച്ച് രണ്ട് പേർക്ക് പരുക്ക് പറ്റിയിരുന്നു.
ബിജെപി നേതാവിൻ്റെ മകനല്ല കാർ ഓടിച്ചിരുന്നത്. ഇവര്‍ ലാ ഹോറെ ബാറിലെത്തി ഞായറാഴ്ച രാത്രില്‍ മദ്യപിച്ചിരുന്നു. കാറിലുണ്ടായിരുന്നതായി സങ്കേത് സമ്മതിച്ചിട്ടുണ്ട്. സുഹൃത്ത് അർജുനാണ് വാഹനമോടിച്ചത് എന്നാണ് ചോദ്യം ചെയ്യലിൽ മനസിലായത്. വാഹനമോടിച്ചത് ആരെന്ന് അറിയാനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതെന്നും നാഗ്പൂർ ഡിസിപി രാഹുൽ മദനെ പറഞ്ഞു.
നിയമം എല്ലാവർക്കും ബാധകമാണെന്ന് ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പ്രതികരിച്ചു. തൻ്റെ മകനും സുഹൃത്തും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here