നമ്പി രാജേഷിന്‍റെ കുടുംബത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് കയ്യൊഴിഞ്ഞു; നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാന കമ്പനി

ക്യാബിന്‍ ക്രൂ സമരം കാരണം കുടുംബത്തെ കാണാനാകാതെ മസ്ക്കത്തില്‍ പ്രവാസി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്ക്കത്തില്‍ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്. രാജേഷിന്റെ മരണത്തിന് ഉത്തരവാദിത്തമില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള എയര്‍ ഇന്ത്യയുടെ പ്രതികരണം രാജേഷിന്റെ വീട്ടുകാര്‍ക്ക് ലഭിച്ചു. മെയില്‍ വഴിയാണ് എയര്‍ ഇന്ത്യ പ്രതികരണം അറിയിച്ചത്.

എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ കൈ കഴുകുകയാണ് ചെയ്തതെന്ന് രാജേഷിന്റെ ഭാര്യ അമൃത ആരോപിച്ചു. താന്‍ എത്തിയിരുന്നെങ്കില്‍ രാജേഷിന് പരിചരണം ലഭിക്കുമായിരുന്നു. അതുവഴി മരണവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. – അമൃത പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്ക്കത്തില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നു രാജേഷ്. ഭര്‍ത്താവിന്റെ അടുക്കലേക്ക് എത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണം രാജേഷിന്റെ ഭാര്യക്ക് കഴിഞ്ഞിരുന്നില്ല. രാജേഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് എതിരെ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. നഷ്ടപരിഹാരം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.

രാജേഷിന്റെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കുന്നെന്നും അനുഭാവപൂര്‍വം പരിഗണിക്കും എന്നുമായിരുന്നു വിമാന കമ്പനി അധികൃതര്‍ പ്രതികരിച്ചത്. അധികൃതരുടെ നിര്‍ദേശപ്രകാരം വീട്ടുകാര്‍ മെയില്‍ അയക്കുകയും ചെയ്തിരുന്നു. ആ മെയിലിനാണ് പ്രതികരണം വന്നത്.

കഴിഞ്ഞ മേയ് ഏഴാം തിയതിയായിരുന്നു ഒമാനിലെ ജോലി സ്ഥലത്ത് രാജേഷ് കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയില്‍ചികിത്സയിലായി. എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരം കാരണം യാത്ര മുടങ്ങി. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതിനിടയിൽ 13ന് രാവിലെ രാജേഷ് മരിച്ചു. ഇതോടെയാണ് കുടുംബവും നാട്ടുകാരും എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ രംഗത്തുവന്നത്.

എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി നമ്പി രാജേഷിന്‍റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവർണർക്കും പ്രതിപക്ഷ നേതാവിനുമടക്കം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top