അച്ചു ഉമ്മനെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ച പരാതിയിൽ നന്ദകുമാറിനെ ചോദ്യം ചെയ്തു വിട്ടയച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ച പരാതിയിൽ സെക്രട്ടറിയേറ്റ് മുൻ ഉദ്യോഗസ്ഥൻ നന്ദകുമാറിനെ ചോദ്യം ചെയ്തു വിട്ടയച്ചു. ഫേസ്ബുക്ക് ഉപയോഗിക്കാത്ത ഫോൺ നൽകി പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് യഥാർത്ഥ ഫോൺ പോലീസിന് നൽകേണ്ടി വന്നു. അച്ചു ഉമ്മൻ പോലീസിൽ പരാതി നൽകിയതിന് തൊട്ട് പിന്നാലെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നന്ദകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ‘തന്റെ കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായിപ്പോയതിൽ ഖേദിക്കുന്നുവെന്നും ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അപമാനിക്കാനോ സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും പോസ്റ്റിൽ പറഞ്ഞു.
ഫോൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വീണ്ടും ഹാജരാകാൻ നന്ദകുമാറിന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്‌തുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.സ്ത്രീത്വത്തെയും തൻറെ ജോലിയെയും അവഹേളിച്ചെന്ന് കാണിച്ച് തെളിവ് സഹിതമാണ് പരാതി നൽകിയത്.
സെക്രട്ടറിയേറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി നന്ദകുമാർ കുളത്താപ്പള്ളിക്കെതിരെ മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സിപിഎം ന്റെ അറിയപ്പെടുന്ന സൈബർ പോരാളികളിൽ ഒരാളാണ് നന്ദകുമാർ.സർവീസിൽ നിന്ന് വിരമിച്ച ശേഷം ഇദ്ദേഹത്തിന് സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയിൽ പുനർനിയമനം ലഭിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here