സ്വന്തം സ്ഥലത്ത് കൃഷിക്ക് എത്തിയ നഞ്ചിയമ്മയെ തടഞ്ഞു; തട്ടിപ്പുകാര്‍ക്ക് ഭൂമി കൊടുക്കില്ലെന്ന് ഗായിക

അട്ടപ്പാടിയിലെ സ്വന്തം മണ്ണില്‍ കൃഷിയിറക്കാനെത്തിയ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ തഹസിൽദാരും പോലീസും ചേർന്ന് തടഞ്ഞു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കേസില്‍ (ടി എല്‍എ) ഈ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് തടഞ്ഞത്. അട്ടപ്പാടിയിലെ മക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കണമെന്ന് നഞ്ചിയമ്മ തഹസിൽദാരോട് ആവശ്യപ്പെട്ടു. കള്ളരേഖ ഉണ്ടാക്കിയവർക്ക് ഭൂമി വിട്ടു നൽകാനാവില്ലെന്നും അവർ പറഞ്ഞു. നഞ്ചിയമ്മയുടെ ഭൂമി വിഷയത്തിൽ വെള്ളിയാഴ്ച ചർച്ച നടത്താമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ആദിവാസി മഹാസഭയുടെ നേതൃത്വത്തിലാണ് ഭൂമി സമരത്തിന് നഞ്ചിയമ്മ എത്തിയത്

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത പ്രശ്നം നിയമസഭയില്‍ അടക്കം ചര്‍ച്ചയായതാണ്. . നഞ്ചിയമ്മയുടെ ഭൂമിയുടെ ടിഎൽഎ കേസ് കന്തസ്വാമിയും നഞ്ചിയമ്മയുടെ ഭർതൃപിതാവും തമ്മിലായിരുന്നു. ഇരുകുടുംബവും കേസുമായി മുന്നോട്ടു പോകുമ്പോഴാണ് കെ.വി.മാത്യു ഭൂമിക്ക് മേൽ അവകാശം ഉന്നയിക്കുന്നത്. മാത്യുവിൽ നിന്ന് 50 സെന്‍റ് ഭൂമി വാങ്ങിയ നിരപ്പത്ത് ജോസഫ് കുര്യനും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

“അട്ടപ്പാടിയിലെ എന്റെ കുടുംബഭൂമി കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. കള്ളരേഖ ഉണ്ടാക്കുന്നതിന് കൂട്ടുനിന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്. നാഗമൂപ്പനും കന്തസ്വാമിയും തമ്മിലാണ് ഭൂമിയുടെ പേരിൽ ടിഎൽഎ കേസുള്ളത്. കെ.വി.മാത്യുവിനും നിരപ്പത്ത് ജോസഫ് കുര്യനും ഈ ഭൂമിയിൽ അവകാശമില്ല. അവർ കള്ളരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചത്. റവന്യൂ വിജിലൻസ് വിഭാഗം നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.” – നഞ്ചിയമ്മ പറയുന്നു.

നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്ന ആരോപണമാണ് ഉയര്‍ന്നത്. ഭൂമി കൈമാറിക്കിട്ടിയ ആളിന് ഇവിടെ പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതി ലഭിച്ചിരുന്നു. സബ്മിഷന്‍ ആയി കെ.കെ.രമ ഈ പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ലാൻഡ് റവന്യൂ അസി. കമ്മിഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജന്‍ പ്രഖ്യാപിച്ചിരുന്നു. ആദിവാസി ഭൂമിക്ക് യാതൊരു ബന്ധവും ഇല്ലാത്ത ആളുകൾ തമ്മിൽ കരാറുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി സമ്പാദിച്ചുവെന്നാണ് കണ്ടെത്തിയത്. ഇവർ ഹാജരാക്കിയ അഗളി വില്ലേജിലെ നികുതി രസീത് വ്യാജമാണെന്നും വ്യക്തമായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ തന്‍റെ കുടുംബഭൂമിയിൽ കൃഷിയിറക്കുമെന്നാണ് നഞ്ചിയമ്മയുടെ തീരുമാനം. അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനും കത്തയച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top