നന്ദൻകോട് കൂട്ടക്കൊലയില്‍ വിചാരണ നവംബറില്‍; കുറ്റം നിഷേധിച്ച് കാഡൽ ജിൻസൺ രാജ
തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊലയില്‍ വിചാരണ നവംബര്‍ 13ന് ആരംഭിക്കും. മാതാപിതാക്കളെയും സഹോദരിയെയും ക്രൂരമായി വധിച്ച കേസിലെ പ്രതി കാഡൽ ജിൻസൺ രാജയെ കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. എന്നാല്‍ പ്രതി കുറ്റം നിഷേധിച്ചു. മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന പ്രതിക്ക് വിചാരണ നേരിടാന്‍ കഴിവുണ്ടെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് വിചാരണ തുടങ്ങാന്‍ കോടതി തീരുമാനിച്ചത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍,മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കി കാഡൽ ജിൻസൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വച്ച് അതിദാരുണമായി കൊലപ്പെടുത്തിയത്. നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രൊഫ. രാജ തങ്കം, ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.
ഡോക്ടറുടെയും ഭർത്താവിന്റെയും മകളുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വീടിന്റെ മുകളിലത്തെ നിലയിലെ ടോയ്‌ലെറ്റിലുമാണ് കണ്ടെത്തിയത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രൽ പ്രൊജക്ഷന് അടിമയാണ് താന്‍. ഈ രീതിയിലാണ് കൂട്ടക്കൊല നടത്തിയത് എന്ന് കാഡൽ പൊലീസിനോട് സമ്മതിച്ചിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട കാഡൽ തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here