മൂന്ന് പേര്‍ക്ക് കൂടി ഭാരതരത്ന; നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, എം.എസ്.സ്വാമിനാഥൻ എന്നിവർക്കാണ് പുരസ്‌കാരം
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്.സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് എല്‍.കെ.അഡ്വാനി, കര്‍പ്പൂരി താക്കൂര്‍ എന്നിവര്‍ക്കും ഭാരതരത്ന നല്‍കി ആദരിച്ചിരുന്നു.
എം.ജി.രാമചന്ദ്രൻ എന്ന എംജിആറിന് ശേഷം ഭാരതരത്ന ലഭിക്കുന്ന മലയാളിയാണ് എം.എസ്.സ്വാമിനാഥൻ. 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ച എം.എസ്.സ്വാമിനാഥന്റെ തറവാട് കുട്ടനാട്ടിലെ മങ്കൊമ്പിലാണ്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് മുഴുവൻ പേര്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സുവോളജി ബിരുദം നേടിയ ശേഷം കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാലയിൽ കൃഷി ശാസ്ത്രത്തിൽ ഉപരിപഠനത്തിന് ചേർന്നു. 1947ൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചില്‍ (ഐസിഎആർ) ചേരുകയും അവിടെ നിന്ന് യുനെസ്കോയുടെ ഫെല്ലോഷിപ്പ് നേടി നെതർലൻഡ്‌സിലേക്ക് പോവുകയും ചെയ്തു. കേംബ്രിഡ്ജ്, വിസ്കോൺസിന്‍ എന്നീ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റും പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസ്സോസിയേറ്റ്ഷിപ്പും നേടിയ ശേഷം 1954ൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രധാനിയാണ് എം.എസ്.സ്വാമിനാഥൻ. 1960കളിൽ രാജ്യം കടുത്ത ക്ഷാമത്തിലേക്ക് പോയപ്പോൾ കാർഷിക പരിവർത്തനത്തിലൂടെ ഉൽപാദനം കൂട്ടാൻ നിർദേശിച്ചത് അദ്ദേഹമാണ്. രാജ്യത്ത് ഹരിത വിപ്ലവത്തിനാണ് അദ്ദേഹം അന്ന് തുടക്കം കുറിച്ചത്. ഇതിന്റെ ഫലമായാണ് 1971ൽ ഇന്ത്യയെ ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തമായി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 28നാണ് അദ്ദേഹം അന്തരിച്ചത്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1979 മുതൽ 1980 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു ചൗധരി ചരൺ സിംഗ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. രാജ്യത്തെ സാമ്പത്തികമായി ഉയർച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രിയാണ് നരസിംഹ റാവു. 1991 മുതൽ 1996 വരെയാണ് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here