അദാനിക്ക് വൈദ്യുതി ഇന്ത്യയിലും വിൽക്കാം; നിയമങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം

അദാനിക്ക് വേണ്ടി നിയമങ്ങളിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധി അദാനിയുടെ പവർ പ്ലാൻ്റിന് തിരിച്ചടി ആകാതിരിക്കാനാണ് നടപടി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വിദേശ രാജ്യങ്ങൾക്ക് വൈദ്യുതി വിൽക്കുന്നതുമായി ബന്ധപ്പെട്ട് 2018ൽ പുറപ്പെടുവിച്ച മാർഗ നിർദേശത്തിലാണ് ഭേദഗതി. ആഗസ്റ്റ് 12നാണ് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഊർജമന്ത്രാലയം പുറപ്പെടുവിച്ചത്. അദാനിയുടെ ഗോദയിലുള്ള 1600 മെഗാവാട്ട് ശേഷിയുള്ള പവർ പ്ലാന്റ് നിലവിൽ ബംഗ്ലാദേശിന് മാത്രമാണ് വൈദ്യുതി വിൽക്കുന്നത്. എന്നാൽ പുതിയ തീരുമാനം വഴി അദാനിക്ക് വൈദ്യുതി ഇന്ത്യക്കും നൽകാനാവും.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും അയൽരാജ്യത്തിന് നൽകാം എന്നായിരുന്നു കരാർ. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ബംഗ്ലാദേശിലെ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി നേരിട്ടാലും കേന്ദ്രം നല്‍കിയ ഇളവ് പ്രകാരം അദാനിക്ക് പ്രശ്നമുണ്ടാവില്ല. അയൽരാജ്യത്തേക്ക് വൈദ്യുതി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം വന്നാൽ അത് ഇന്ത്യൻ ഗ്രിഡിന് നൽകാമെന്നാണ് പുതിയ ഉത്തരവ്.
2017ൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് കരാർ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചതിന് തൊട്ടുപിന്നാലെ 2015 ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പുമായി അയൽരാജ്യം ധാരണാപത്രത്തിൽ ഒപ്പിടുന്നത്. അദാനി ഗ്രൂപ്പും ബംഗ്ലാദേശ് സർക്കാരും തമ്മിലുള്ള ഇടപാടിൽ മോദിക്ക് നേരിട്ട് പങ്കുണ്ടോയെന്ന വിമർശനം പലതവണ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here