സുരേഷ് ഗോപിയും അണ്ണാമലൈയും കേന്ദ്രമന്ത്രിമാരായേക്കും; സുരേഷ് ഗോപി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു; എന്‍ഡിഎ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മൂന്നാം എൻഡിഎ സർക്കാരില്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും തമിഴ്നാട്ടില്‍ നിന്നും കെ. അണ്ണാമലൈയും മന്ത്രിമാര്‍ ആകുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്താന്‍ ഇരുവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു നരേന്ദ്ര മോദിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ചില സിനിമകളില്‍ അഭിനയിക്കാന്‍ കരാര്‍ ഉള്ളതിനാല്‍ ആദ്യം മടിച്ച് നിന്ന സുരേഷ് ഗോപി മോദിയുടെ നേരിട്ടുള്ള ക്ഷണത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നത് അനുസരിക്കുമെന്നും എത്രയും വേഗം ഡൽഹിയിലെത്തണമെന്ന് മോദി പറഞ്ഞതായും സുരേഷ് ഗോപി പ്രതികരിച്ചിട്ടുണ്ട്. കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ ലഭിക്കും.
കോയമ്പത്തൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഡിഎംകെസ്ഥാനാര്‍ത്ഥി ഗണപതി രാജ്കുമാറിനോട് 1,18,068 വോട്ടുകൾക്ക് അണ്ണാമലൈ പരാജയപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായ അണ്ണാമലൈക്ക് തമിഴ്നാട്ടില്‍ വന്‍ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തല്‍. കേന്ദ്രമന്ത്രി ആവുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തുനിന്ന് മത്സരിച്ച് രാജ്യസഭാംഗമാകേണ്ടിവരും.
മന്ത്രിമാരാകാന്‍ സാധ്യതയുള്ളവർക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പി ലഭിച്ചിട്ടുണ്ട്. ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍, പ്രഹ്ലാദ് ജോഷി, ശിവരാജ് സിങ് ചൗഹാന്‍, എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്‍, ജെഡിഎസ് നേതാവ് കുമാരസ്വാമി എന്നിവര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here