ഇത് താൻ ഡാ മോദി സ്റ്റൈൽ; റിപ്പബ്ലിക് ദിനത്തിലും പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി
2014ൽ അധികാരമേറ്റതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപരിപാടികളിലെ വസ്ത്രധാരണ രീതികൾ വലിയ ചർച്ചയാവാറുണ്ട്. പൈജാമയും ജാക്കറ്റും തലപ്പാവും ആണ് അദ്ദേഹം എല്ലാ പരിപാടികൾക്കും ധരിക്കാറുള്ളത്. എന്നാൽ ഓരോ തവണയും ഇതിൽ വ്യത്യസ്തത കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. രാജ്യത്തിൻ്റെ പാരമ്പര്യവും സവിശേഷതകളും സൂചിപ്പിക്കുന്ന തരത്തിലുള്ള തലപ്പാവുകളാണ് അദ്ദേഹം തിരഞ്ഞെടുക്കാറുള്ളത്.
ഇത്തരത്തിൽ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും അദ്ദേഹം ധരിക്കുന്ന തലപ്പാവുകളും വലിയ തോതിൽ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇത്തവണയും മോദി പതിവു തെറ്റിച്ചില്ല. ആരുടെയും കണ്ണുടക്കുന്ന വേഷത്തിലായിരുന്നു ഇക്കുറിയും റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്കുള്ള മോദിയുടെ എൻട്രി. വെള്ള നിറത്തിലുള്ള പൈജാമയും ബ്രൗൺ നിറത്തിലുള്ള ബന്ധ്ഗല ജാക്കറ്റും ആയിരുന്നു പ്രധാനമന്ത്രിയുടെ വേഷം. ഇതിന് പുറമേ മഞ്ഞയും ചുവപ്പും ഓറഞ്ചും ഇടകലർന്ന തലപ്പാവും അദ്ദേഹം ധരിച്ചിരുന്നു. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതാണ് വ്യത്യസ്ത നിറങ്ങളിലുള്ള ഈ തലപ്പാവ്.
2024ലെ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ബന്ധാനി’ തലപ്പാവായിരുന്നു പ്രധാനമന്ത്രി ധരിച്ചിരുന്നത്. മഞ്ഞ, കുങ്കുമം, പിങ്ക്, ചുവപ്പ് നിറങ്ങളായിരുന്നു തൊപ്പിയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഓറഞ്ചും പച്ചയും മഞ്ഞയും നിറങ്ങളുള്ള രാജസ്ഥാനിലെ പരമ്പരാഗതമായ ലെഹേരിയതലപ്പാവാണ് അദ്ദേഹം അണിഞ്ഞത്. പടിഞ്ഞാറൻ രാജസ്ഥാനിലെ മരുഭൂമിയിലെ മണലിലൂടെ വീശുന്ന കാറ്റിൽ നിന്ന് രൂപപ്പെട്ട പ്രകൃതിദത്ത തരംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലെഹേരിയ ഡിസൈനുകൾ തയാറാക്കിയിരിക്കുന്നത്. വെള്ള കുർത്തയും ഇളം നീല ബന്ദ്ഗാല ജാക്കറ്റുമായിരുന്നു പ്രധാനമന്ത്രിയുടെ വേഷം.
2023ലെ സ്വാതന്ത്ര്യദിനത്തിൽ നീളമുള്ള വാലുള്ള മഞ്ഞയും പച്ചയും ചുവപ്പും കലർന്ന തലപ്പാവായിരുന്നു മോദി ധരിച്ചിരുന്നത്. ഓഫ് വൈറ്റ് കുർത്തയുമായിരുന്നു വേഷം. 2022 ൽ ചുവന്ന പാറ്റേണുകളും കാവി ശിരോവസ്ത്രവുമായിരുന്നു വേഷം. പരമ്പരാഗത കുർത്തയും നീല ജാക്കറ്റും ഉണ്ടായിരുന്നു. 2021ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാനമന്ത്രി കാവിയും ക്രീം തലപ്പാവുമാണ് ധരിച്ചത്. ഹാഫ് സ്ലീവ് കുർത്തയായിരുന്നു വസ്ത്രം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here