രാജ്യത്തിന്‍റെ വികസന വിപ്ലവത്തിന് AI ഉപയോഗിക്കാന്‍ മോദി; ഇത് ഡിജിറ്റൽ ഇന്ത്യയുടെ ദർശനമെന്ന് സുന്ദർ പിച്ചൈ

അമേരിക്കൻ സന്ദർശനത്തിൽ ടെക് ഭീമൻമാരുടെ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിൽ ടെക് സിഇഒമാരുമായി ഫലപ്രദമായ ഒരു യോഗം ചേർന്നെന്നും സാങ്കേതികവിദ്യ, നൂതനത്വം എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്തെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഈ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളും എടുത്തുകാട്ടി. അവർക്ക് ഇന്ത്യയോടുള്ള അപാരമായ ശുഭാപ്തിവിശ്വാസം കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും സോഷ്യൽ മീഡിയയിൽ മോദി കുറിച്ചു. ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ, എൻവിഡിയയുടെ (Nvidia) ജെൻസൻ ഹുവാങ്, അഡോബിൻ്റെ (Adobe) ശന്തനു നാരായൺ തുടങ്ങിയ പ്രമുഖ സിഇഒമാർ പങ്കെടുത്തിരുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലായിരുന്നു ചര്‍ച്ച.

ഗൂഗിളിൻ്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വിപുലമാക്കാൻ മോദി ആവശ്യപ്പെട്ടതായി സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) കേന്ദ്രീകരിച്ച് ഇന്ത്യക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രധാനമന്ത്രി പറഞ്ഞു. അത് രാജ്യത്തെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി സുന്ദർ പിച്ചൈ പറഞ്ഞു. ലോകത്തിലെ പ്രമുഖ 15 ടെക് കമ്പനികളുടെ സിഇഒമാരുമായി മോദി നടത്തിയ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക വളർച്ചയ്ക്കുള്ള ഗൂഗിളിൻ്റെ ശ്രമങ്ങളും ഇന്ത്യയുടെ കാഴ്ചപ്പാടും യോഗത്തിന് ശേഷം സിഇഒ വിശദീകരിച്ചു. “ഇത് ഡിജിറ്റൽ ഇന്ത്യ ദർശനമാണ്. ഇന്ത്യയിൽ ഗൂഗിൾ ഉത്പന്നങ്ങളുടെ ഡിസൈനിംഗും നിർമ്മാണവും തുടരാൻ പ്രധാനമന്ത്രി മോദി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇപ്പോൾ ഇന്ത്യയിൽ നിർമ്മിച്ച പിക്‌സൽ ഫോണുകൾ ഉള്ളതിൽ ഞങ്ങൾ അഭിമാനിക്കുന്നു”- സുന്ദർ പിച്ചൈ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനോടുള്ള പ്രധാനമന്ത്രി മോദിയുടെ മുൻകരുതൽ സമീപനത്തെ ഗൂഗിൾ സിഇഒ എടുത്തു പറഞ്ഞു. എഐക്ക് ഇന്ത്യയ്ക്കും ജനങ്ങൾക്കും ജനങ്ങൾക്ക് പ്രയോജനകരമാക്കാം എന്നതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി എന്നിവയിൽ വിപ്ലവം സൃഷ്ടിക്കാൻ ഉതകുന്ന ആപ്ലിക്കേഷനുകൾ നിർമിക്കാൻ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ മാറ്റത്തിനും രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യവികസനങ്ങളുടെ വികസനത്തിനും എഐ സാധ്യതകൾ ഉപയോഗിക്കണമെന്നും മോദി പറഞ്ഞതായും സുന്ദർ പിച്ചൈ വ്യക്തമാക്കി.

ഇന്ത്യയിലെ ആർട്ടിഫിഷൽ ഇൻ്റലിജൻസ് വിപുലീകരണത്തിനുള്ള ഗൂഗിളിൻ്റെ പ്രതിബദ്ധതയെക്കുറിച്ച് പിച്ചൈ വിശദീകരിച്ചു. “ഇന്ത്യയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ഇവിടെ കാര്യമായ നിക്ഷേപം നടത്തുകയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. നിരവധി പ്രോഗ്രാമുകളും പങ്കാളിത്തങ്ങളും ഇതിനകം നിലവിലുണ്ട്’’ – അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top