തല അജിത് ചിത്രത്തില്‍ നസ്ലെനും; ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ താരത്തിന്റെ തമിഴ് അരങ്ങേറ്റമെന്ന് റിപ്പോര്‍ട്ട്; കൂടെ നയന്‍താരയും കീര്‍ത്തി സുരേഷും
അദ്വിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത് അജിത് കുമാര്‍ നായകനായെത്തുന്ന ‘ഗുഡ് ബാഡ് അഗ്ലി’, തമിഴ് സിനിമാ ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. ഇതുവരെ കാണാത്ത അവതാരത്തിലായിരിക്കും അജിത് എത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പ്രേമലുവിലെ സച്ചിന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മലയാളത്തിന്റെ യുവ നടന്‍ നസ്ലെന്‍ അജിത് ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
അജിത് കുമാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ആക്ഷന്‍ ത്രില്ലറില്‍ ഒരു സുപ്രധാന വേഷത്തില്‍ നസ്ലെനുമെത്തുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത് കുമാറിന്റെ നായികയായി എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ചിത്രത്തില്‍ രണ്ട് നായികമാര്‍ കൂടി ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 1990 കളില്‍ തമിഴ് സിനിമയിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായിരിക്കും ഈ വേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ് ശ്രീലീല, പ്രശസ്ത തെലുങ്ക് താരം സുനില്‍ എന്നിവരും ഗുഡ് ബാഡ് അഗ്ലിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here