ഇനിയൊരു ബലാത്സംഗം നടക്കുന്നതുവരെ കാത്തിരിക്കാനാവില്ല: കൊൽക്കത്ത കൊലപാതകത്തിൽ സുപ്രീം കോടതി

താഴേ തട്ടിൽനിന്നുതന്നെ മാറ്റങ്ങൾ ആവശ്യമാണെന്നും അതിനായി മറ്റൊരു ബലാത്സംഗം നടക്കുന്നതുവരെ രാജ്യത്തിന് കാത്തിരിക്കാനാവില്ലെന്നും സുപ്രീം കോടതി. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്തതിൽ വാദം കേൾക്കവേയാണ് കോടതിയുടെ പരാമർശം. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിലും കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകൾ വരുത്തിയതിലും പശ്ചിമ ബംഗാൾ സർക്കാരിനോടും ആശുപത്രി അധികൃതരോടും കടുത്ത അതൃപ്തിയും ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർ അക്രമത്തിന് ഇരയാകുന്നു. വനിതാ ഡോക്ടർമാരെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്. കൂടുതൽ കൂടുതൽ സ്ത്രീകൾ ഈ തൊഴിൽ രംഗത്തേക്ക് വരുമ്പോൾ താഴെ തട്ടിൽ കാര്യങ്ങൾ മാറുന്നതിനായി രാജ്യത്തിന് മറ്റൊരു ബലാത്സംഗത്തിനായി കാത്തിരിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

മൃതദേഹം സംസ്‌കരിക്കാൻ വിട്ടുകൊടുത്ത് മൂന്ന് മണിക്കൂറിന് ശേഷം എന്തിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. പ്രിൻസിപ്പൽ എന്തുചെയ്യുകയായിരുന്നു? എഫ്ഐആർ ഫയൽ ചെയ്തില്ല. മൃതദേഹം വൈകിയാണ് മാതാപിതാക്കൾക്ക് കൈമാറിയത്. പോലീസ് എന്താണ് ചെയ്യുന്നത്? ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു, കുറ്റകൃത്യം നടന്നത് ഒരു ആശുപത്രിയിലാണ്. അവർ എന്താണ് ചെയ്യുന്നത്? അക്രമികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുമോയെന്നും കോടതി ചോദിച്ചു.

ഓ​ഗസ്റ്റ് ഒൻപതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചതോടെ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top