ഷാജി എന്‍.കരുണിനെതിരെ ദേശീയ ജൂറിയംഗം സജിൻ ബാബു; KSFDCയുടെ വീഴ്ച തുറന്ന് കാട്ടിയതിന് പ്രതികാര നടപടി; ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ഷാജി ചരടുവലിച്ചു
എം.മനോജ് കുമാര്‍
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണിനെതിരെ ഗുരുതരമായ ആരോപണവുമായി ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം സംവിധായകന്‍ സജിന്‍ ബാബു രംഗത്ത്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ജൂറി അംഗമെന്ന നിലയില്‍ പങ്കെടുക്കാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന ഔദ്യോഗിക ക്ഷണം ഷാജി ഇടപെട്ട് ഒഴിവാക്കിയെന്ന് സജിന്‍ ബാബു മാധ്യമ സിന്‍ഡിക്കേറ്റിനോട് പറഞ്ഞു. തന്നോട് അദ്ദേഹം പ്രതികാരം തീര്‍ത്തതാണെന്നും എന്‍എഫ്ഡിസി ഉന്നതരെ തെറ്റിദ്ധരിപ്പിച്ചാണ് തന്റെ ക്ഷണം മുടക്കിയതെന്നും സജിന്‍ ബാബു പറഞ്ഞു.
എനിക്കൊപ്പം ദേശീയ ജൂറിയിൽ ഉണ്ടായിരുന്ന മറ്റെല്ലാവർക്കും ഈ മാസം ആദ്യം തന്നെ അവാർഡ് ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണം എത്തി. എനിക്ക് മാത്രം കിട്ടിയില്ല. തുടര്‍ന്ന് പല തവണ എന്‍എഫ്ഡിസിയുമായി ബന്ധപ്പെട്ടെങ്കിലും ഒരു മെയിലിനും പ്രതികരണം വന്നില്ല. എൻഎഫ്ഡിസി ചെയര്‍മാന് വരെ മെയില്‍ ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ല. ക്ഷണം അയക്കുകയോ, ഒഴിവാക്കിയതിൻ്റെ കാരണം അറിയിക്കുകയോ ഉണ്ടായില്ല. ഇതിനെല്ലാം പിന്നിൽ ഷാജി എൻ കരുണിൻ്റെ ഇടപെടൽ ആണെന്ന് വൈകിയാണ് മനസ്സിലായത്.
അദ്ദേഹം ചെയർമാനായിരിക്കെ കെഎസ്എഫ്ഡിസി നിര്‍മ്മിച്ച ‘നിഷിദ്ധോ’ എന്ന സിനിമ നടപടിക്രമങ്ങള്‍ തെറ്റിച്ച് ദേശീയ ചലച്ചിത്ര അവാര്‍ഡിന് അയച്ച കാര്യം താന്‍ ഫെയ്സ് ബുക്കിൽ എഴുതിയത് ആണ് ഷാജിയെ പ്രകോപിച്ചത്. ഈ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അതോടൊപ്പം വെച്ചിരുന്നില്ല. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്തില്‍ നിന്ന് മൂന്നര മിനിറ്റ് കുറവായിരുന്നു സിനിമ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോസ്റ്റ് ഇട്ടതിന് പിന്നാലെ ഷാജി ഫോണിൽ വിളിച്ചു. ഞാൻ കൊടുത്ത മറുപടിയിൽ തൃപ്തനാകാതെ അദ്ദേഹം എൻഎഫ്ഡിസിയിൽ വിവരം അറിയിക്കും എന്ന് ഭീഷണി മട്ടിൽ പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. അങ്ങനെ തന്നെ ചെയ്തുവെന്ന് പിന്നീട് മനസിലായി. പത്ത് മിനിറ്റിനുള്ളില്‍ ജൂറി അംഗങ്ങള്‍ക്ക് എല്ലാവർക്കും എന്‍എഫ്ഡിസിയില്‍ നിന്നും ഒരു മെയില്‍ വന്നു. ദേശീയ അവാർഡുമായി ബന്ധപ്പെട്ട ഒരു ജൂറി ചർച്ചയും പുറത്ത് വിടരുതെന്നും അങ്ങനെ ചെയ്‌താൽ ഭാവിയില്‍ ഡീബാര്‍ ചെയ്യപ്പെടും എന്നുമുള്ള അറിയിപ്പ് ആയിരുന്നു അത്. താൻ അങ്ങനെ ചെയ്തിട്ടില്ല എന്ന് മറുപടിയും കൊടുത്തു. അതിനും പ്രതികരണം ഒന്നുമുണ്ടായില്ല. ദേശീയ അവാർഡിൽ നിന്നുള്ള ഈ അവഗണനയുടെ പിന്നിലെ കാരണം ഇപ്പോഴാണ് വ്യക്തമാകുന്നത്. സജിൻ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് സജിന്‍ ബാബു ഫെയ്സ് ബുക്ക് കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂർണരൂപം ചുവടെ:
ഈ വർഷം എനിക്ക് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സൗത്ത് പാനൽ-1-ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. നാളെ ദേശീയ അവാർഡ് ദാന ചടങ്ങാണ്, എന്നാൽ അതേക്കുറിച്ച് എനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചിട്ടില്ല. എന്റെ സഹ ജൂറി അംഗങ്ങൾക്ക് ക്ഷണം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ, ഞാൻ കുറച്ച് ദിവസങ്ങൾ കാത്തിരുന്നു, ഔദ്യോഗിക ഇമെയിലൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, കഴിഞ്ഞ ആഴ്ച ഞാൻ NFA സെല്ലുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ എന്റെ എല്ലാ ഫോൺ കോളുകളോടും സ്വകാര്യ സന്ദേശങ്ങളോടും ഔദ്യോഗിക ഇമെയിലുകളോടും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ഒഴിവാക്കലിന്റെ കാരണം എന്തെന്ന് എന്നെ ഒരു രീതിയിലും അറിയിച്ചിട്ടുമില്ല. ഇത് അറിഞ്ഞ സഹ ജൂറി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന് പിന്നിലെ കാരണം മനസ്സിലാക്കാൻ 69-ാമത് എൻഎഫ്എ സെല്ലുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ കാരണങ്ങളൊന്നും കിട്ടിയില്ല. ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊർജവും ചെലവഴിച്ചു സിനിമകൾ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്. മറ്റെല്ലാവർക്കും അവരുടെ ക്ഷണം ലഭിച്ചപ്പോൾ, എന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഔദ്യോഗികമായി ഒരു കാരണവും പറഞ്ഞിട്ടില്ലാത്തതിനാൽ, 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാൻ കരുതുകയാണ്, 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മിച്ച ഒരു സിനിമ സമർപ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവ് വെളിച്ചത്തുകൊണ്ടുവന്ന ഒരു കുറിപ്പായിരുന്നു അത്. എൻഎഫ്എ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് അൽപ സമയത്തിനകം കെഎസ്എഫ്ഡിസിയിലെ ഒരു പ്രമുഖനിൽ നിന്ന് എനിക്ക് ഫോൺ വന്നു. ആരെയും കുറ്റപ്പെടുത്തലല്ല എന്റെ ഉദ്ദേശമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി. ദേശീയ ചലച്ചിത്ര അവാർഡിന് ഒരു സിനിമ സമർപ്പിക്കുമ്പോൾ അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്, പ്രത്യേകിച്ച് കെഎസ്എഫ്ഡിസി പോലുള്ള ഒരു സംഘടനയിൽ നിന്ന് ഇത് സംഭവിക്കരുത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കൂടാതെ വളർന്നു വരുന്ന ചലച്ചിത്ര പ്രവർത്തകരോടുള്ള ഒരു അനീതിയാണ് എന്ന ചിന്തയും അതിനു പിന്നിലുണ്ടായിരുന്നു. അതിനെക്കുറിച്ച് എൻഎഫ്ഡിസിയുമായി സംസാരിക്കാമെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു.
അതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം, ജൂറി ചർച്ചകളുടെ ഏതെങ്കിലും വെളിപ്പെടുത്തൽ ഭാവിയിൽ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്ന് NFA സെല്ലിൽ നിന്ന് എനിക്ക് ഒരു ഔദ്യോഗിക ഇമെയിൽ ലഭിച്ചു. അവർക്കുള്ള എന്റെ പ്രതികരണ ഇമെയിലിൽ, ഒരു ഘട്ടത്തിലും ഞാൻ ജൂറി ചർച്ചകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ സഹസംവിധായകരുടെ ഭാവിയെ ഇല്ലാതാക്കുന്ന പ്രവൃത്തികൾ വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണെന്നും ഞാൻ വ്യക്തമാക്കി.
ഒരു കലാകാരൻ എന്ന നിലയിലും ജൂറി അംഗം എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും എന്നെ ഒഴിവാക്കാനുള്ള കാരണം എന്തായിരുന്നാലും അത് അറിയാനുള്ള അവകാശം എനിക്കുണ്ട്, അത് എന്നെ അറിയിക്കേണ്ടത് 69-ാമത്തെ NFA സെല്ലിന്റെ കടമയാണ്. മാത്രമല്ല, പ്രതികരണത്തിന്റെയും ആശയവിനിമയത്തിന്റെയും പൂർണ്ണമായ അഭാവം കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു പൊതു സ്ഥാപനത്തിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു പ്രൊഫഷണൽ പെരുമാറ്റമല്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here