ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്; ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ പേര് മാറ്റി, ശുപാര്‍ശ ചെയ്തത് പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട സമിതി
ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി. നവാഗത സംവിധായകനും ദേശീയോദ്ഗ്രഥന സിനിമയ്ക്കും നല്‍കുന്ന അവാര്‍ഡുകളുടെ പേരുകളാണ് മാറ്റിയിരിക്കുന്നത്. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പെട്ട ചലച്ചിത്ര പുരസ്‌കാര സമിതിയാണ് മുന്‍ പ്രധാനമന്ത്രിയുടെയും ജനപ്രിയ നടിയുടെയും പേരുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് ഇനി മുതല്‍ നവാഗത സിനിമയ്ക്കുള്ള പുരസ്‌കാരം എന്നാകും അറിയപ്പെടുക. ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡന്റെ പേര് ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം എന്നാക്കി. അവാര്‍ഡുകളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിന് വാര്‍ത്താവിതരണ മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി നീരജ ശേഖറിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയാണ് പുതിയ പേരുകള്‍ ശുപാര്‍ശ ചെയ്തത്. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് പുതിയ മാറ്റങ്ങളോടെയാണ്.
സിനിമാരംഗത്ത് നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്റെ സമ്മാനത്തുക 10 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. മികച്ച സംവിധായകന്‍, ചലച്ചിത്രം എന്നിവയ്ക്കു നല്‍കുന്ന സ്വര്‍ണകമലം അവാര്‍ഡിന്റെ സമ്മാനത്തുക എല്ലാവിഭാഗത്തിലും 3 ലക്ഷം രൂപയാക്കി. രജതകമലം പുരസ്‌കാരങ്ങള്‍ക്ക് 2 ലക്ഷം രൂപയുമായി പരിഷ്‌കരിച്ചു. മികച്ച നവാഗത സംവിധായകനുള്ള സമ്മാനത്തുക നേരത്തെ സംവിധായകനും നിര്‍മ്മാതാവും പങ്കുവയ്ക്കുകയായിരുന്നു രീതി. എന്നാല്‍ ഇനിമുതല്‍ സംവിധായകന് മാത്രമായിരിക്കും സമ്മാനത്തുക ലഭിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here