മുഖ്യമന്ത്രിയുടെ വീട്ടിൽ ദേശീയ പതാക ഉയർത്തിയില്ല; ദുഖം പങ്കുവച്ച് സുനിത കെജ്‌രിവാൾ

രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഹർ ഘർ തിരംഗ (ഓരോ വീട്ടിലും ത്രിവര്‍ണപതാക) എന്ന ആഹ്വാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. എന്നാൽ അതിന് കഴിയാതെ പോയി എന്ന് പറഞ്ഞിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാൾ. മുഖ്യമന്ത്രിയുടെ വസതിയിൽ ത്രിവർണ പതാക ഉയർത്താൻ കഴിയാത്തതിൽ ദുഖമുണ്ടെന്നാണ് അവർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. ‘സ്വേച്ഛാധിപത്യത്തിന്’ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാൻ കഴിയും. എന്നാലതിന് അദ്ദേഹത്തിൻ്റെ മനസിലെ ‘ദേശസ്നേഹം’ ഇല്ലാതാക്കാൻ കഴിയില്ലെന്നും സുനിത പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആംആദ്മി പാർട്ടി മന്ത്രി അതിഷി പറഞ്ഞു. സ്വേച്ഛാധിപത്യത്തിന് എതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ എടുക്കാമെന്നും അവർ ആഹ്വാനം ചെയ്തു. എഎപിയുടെ വിമർശനങ്ങൾക്ക് എതിരെ ബിജെപിയും രംഗത്തെത്തി.

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്യുന്നത് അപലപനീയമാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. മനീഷ് സിസോദിയക്ക് ജാമ്യം നൽകിയതും ജുഡീഷ്യറിയാണ്. ഇത് ഒരാളെ ജയിലിൽ അടയ്ക്കണോ അതോ മോചിപ്പിക്കണോ എന്ന് തീരുമാനിക്കാനുള്ള കോടതിയുടെ ബോധ്യത്തെ വ്യക്തമാക്കുന്നു. എഎപി നേതാക്കളുടെ പ്രസ്താവനകൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മാത്രമാണെന്നും ബിജെപി എംപി ബൻസുരി സ്വരാജ് പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ ജുഡീഷ്യറിയുടെയും അന്വേഷണ ഏജൻസികളുടെയും നിഷ്പക്ഷതയെ ആംആദ്മി പാർട്ടി നേതാക്കൾ ചോദ്യം ചെയ്ത രീതി അവരുടെ അരാജക മനോഭാവത്തിൻ്റെ തെളിവാണെന്ന് ബിജെപി നേതാവ് പ്രവീൺ ഖണ്ഡേൽവാൾ പ്രതികരിച്ചു.

ഡൽഹി മദ്യനയ അഴിമതികേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നില്ല. അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ‍ഡൽ​ഹി മുഖ്യമന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി സിബിഐക്ക് നോട്ടീസയച്ചു. കേസ് ആ​ഗസ്ത് 23ന് വീണ്ടും വാദം കേൾക്കും.

എഎപി നേതാവ് മനീഷ് സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ച് ദിവസങ്ങൾക്കുള്ളിലാണ് കെജ്‌രിവാൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. അറസ്റ്റിനെ ചോദ്യം ചെയ്ത കെജ്‌രിവാളിന്റെ ഹർജി ആ​ഗസ്ത് അഞ്ചിന് ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top