മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലിലൊന്ന് പേര്‍ ആത്മഹത്യാ ചിന്തയില്‍; ആശങ്കാജനകമായ അവസ്ഥയെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും പറയുന്ന റിപ്പോർട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ 25,590 എംബിബിഎസ് വിദ്യാര്‍ഥികള്‍, 5337 പിജി ഡോക്ടര്‍മാർ, 7035 ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ ആയിരുന്നു സർവേ നടത്തിയത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ നിലവാരം നിർണയിക്കാൻ ഉതകുന്ന ചോദ്യങ്ങൾ തന്നെയാണ് ഉൾപ്പെടുത്തിയിരുന്നത്.

എംബിബിഎസ് വിദ്യാര്‍ഥികളില്‍ 27.8 ശതമാനവും, പിജിക്കാരില്‍ 15.3 ശതമാനം പേരും മാനസിക ആരോഗ്യ സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് സര്‍വെയില്‍ സ്വമേധയാ വെളിപ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളില്‍ 16.2 ശതമാനം പേരും പിജി വിദ്യാര്‍ത്ഥികളില്‍ 31.2 ശതമാനം പേരും ആത്മഹത്യാ പ്രവണത ഉള്ളതായും തുറന്ന് പറഞ്ഞിട്ടുണ്ട്. 74 ശതമാനത്തിലധികം യുജി വിദ്യാര്‍ഥികൾ സാമൂഹികമായി ഒറ്റപ്പെടുന്നതിന്റെ ഭയത്തിലാണ്. 56 ശതമാനം എംബിബിഎസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റ്ല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (NIMHANS) സൈക്യാട്രി പ്രൊഫസര്‍ സുരേഷ് ബഡാമതിൻ്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സര്‍വേ റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന് സമര്‍പ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വലിയ സമ്മര്‍ദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുവെന്നും എന്‍.എം.സി ചെയര്‍മാന്‍ ബി.എന്‍.ഗംഗാധര്‍ പറഞ്ഞു. ഇത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമുള്ള 50 നിര്‍ദേശങ്ങളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മാനസിക പിരിമുറുക്കം മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ദിവസം 7 മുതല്‍ 8 മണിക്കൂര്‍ ഉറക്കം ലഭിച്ചിരിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബ അവധി നല്‍കണം, റഡിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top