നവകേരള ബസ് ആർക്ക്? കെഎസ്ആര്‍ടിസിക്ക് ഇല്ലെന്ന് തീരുമാനം; ടോയ്‌ലറ്റ് ഉള്ളതിനാല്‍ പരിപാലനം ടൂറിസത്തിന്

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 140 നിയോജക മണ്ഡലങ്ങളിലുമായി നവകേരള സദസുമായി മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വാങ്ങിയ ആഡംബര ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറില്ല. ബസ് വാങ്ങിയത് ഗതാഗത വകുപ്പായിരുന്നു. എന്നാല്‍ വകുപ്പിനെ പരിപാലനത്തില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറങ്ങി. ടൂറിസം വകുപ്പിനാണ് ബസ് നവകേരള സദസിന് ശേഷം കൈമാറുക. ബസില്‍ ബയോ ടോയ്ലെറ്റ് ഉള്ളതിനാല്‍ സമയബന്ധിതമായ പരിപാലനം ഉറപ്പിക്കാനാണ് ടൂറിസം വകുപ്പിനെ ഏല്‍പ്പിക്കുന്നതെന്നാണ് ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ബസ് വാങ്ങണമെന്ന് ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പി.ആര്‍.ഡി ഡയറക്ടറായിരുന്നു. ബസുകള്‍ വാങ്ങുന്നതിലും ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും കെ.എസ്.ആര്‍.ടി.സിക്ക് വൈദഗ്ധ്യം ഉള്ളതിനാലാണ് ബസ് വാങ്ങാന്‍ കെ എസ് ആര്‍ ടി സിയെ ചുമതലപ്പെടുത്തിയത്. 1,05,19,839 രൂപയാണ് ബസ് വാങ്ങാന്‍ മാത്രം ചെലവായത്. ഡെയ്മിയര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്.എം കണ്ണപ്പ ആട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് ബസ് വാങ്ങിയതിന് ചെലവായ 1.05 കോടി നല്‍കിയത്. വാഹനം വാങ്ങല്‍ എന്ന ശീര്‍ഷകത്തിലാണ് പണം വിനിയോഗിച്ചത്. ബസ് വാങ്ങാനുള്ള ഭരണാനുമതി ഉത്തരവ് ഇറക്കാതെയാണ് ഇതെല്ലാം നടത്തിയത്.
ഡിസംബര്‍ നാലിനാണ് ഭരണാനുമതി ഉത്തരവ് പി.ആര്‍.ഡി സെക്രട്ടറി മിനി ആന്റണി ഇറക്കിയത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സിക്ക് പണം അനുവദിക്കാതെയാണ് ഈ ഉത്തരവിറക്കിയത്. അടുത്ത ഉപധനാഭ്യര്‍ത്ഥനയില്‍ പണം ക്രമപ്പെടുത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഫലത്തില്‍ ബസ് വാങ്ങിയതിന്റെ പണം ലഭിക്കാന്‍ കെഎസ്ആര്‍ടിസി മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ബജറ്റിനോടൊപ്പമാണ് ഉപധനാഭ്യര്‍ത്ഥന നിയമസഭ പാസാക്കുക. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ബജറ്റ് അവതരണം ഉണ്ടാകുമെന്നാണ് ധനവകുപ്പില്‍ നിന്നുള്ള സൂചന. എങ്കില്‍ ബസിന്റെ പണം കെ.എസ്.ആര്‍.ടി.സിക്ക് ഫെബ്രുവരിയില്‍ ലഭിക്കും. അല്ലെങ്കില്‍ വീണ്ടും കാത്തിരിക്കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here