നവകേരള ഫെലോഷിപ്പ് ജേതാക്കള്‍ പട്ടിണിയില്‍; നാല് മാസമായി പണം അനുവദിക്കുന്നില്ല

കൊട്ടിഘോഷിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കിട്ടാതെ ഇരുന്നൂറിലധികം ജേതാക്കള്‍. ഫെലോഷിപ്പ് തുക മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ നട്ടം തിരിയുകയാണ് ഗവേഷകര്‍. രാജ്യത്ത് ഇങ്ങനെയൊരു പദ്ധതി ആദ്യം എന്നൊക്കെ പെരുമ്പറ മുഴക്കി ആരംഭിച്ച പദ്ധതിയാണ് പെരുവഴിയിലായത്.

ഗവേഷണ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പൊതുവെ കുറയുന്ന സമകാലീന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും നടപ്പാക്കാത്ത പദ്ധതികള്‍ കേരളം ആവിഷ്‌കരിച്ചു എന്ന അവകാശവാദത്തോടെയാണ് 2023 ഓഗസ്റ്റില്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. ആദ്യ വര്‍ഷം പ്രതിമാസം 50000 രൂപയും രണ്ടാം വര്‍ഷം ഒരു ലക്ഷം രൂപയും നല്‍കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, ഒരിക്കല്‍ പോലും കൃത്യമായി പണം വിതരണം ചെയ്തില്ല. പാര്‍ട്ട് ടൈം ജോലി ചെയ്തും കടം വാങ്ങിയുമാണ് വയറ് നിറയ്ക്കുന്നതെന്ന് ഫെലോഷിപ്പ് ജേതാക്കള്‍ പറയുന്നത്. ആദ്യത്തെ ബാച്ചില്‍ 75 പേരും രണ്ടാമത്തെ ബാച്ചില്‍ 100 പേരുമാണ് ഫെലോഷിപ്പ് നേടിയത്. മൂന്നാമത്തെ ബാച്ചിനുള്ള സെലക്ഷന്‍ പൂര്‍ത്തിയായി. ഒന്നാമത്തെ ബാച്ചുകാര്‍ക്ക് പോലും പണം ലഭിക്കാത്ത സാഹചര്യത്തിലാണ് അടുത്ത ഘട്ടത്തിലേക്കുള്ള വരെ കൂടി തിരഞ്ഞെടുക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഗവേഷകന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ഗവേഷണ ഫലങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു പോലെ ആ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്യുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന യോഗത്തില്‍ പറഞ്ഞത്. അത് കേട്ട് ഗവേഷണത്തിന് ഇറങ്ങിയവരിപ്പോള്‍ ഗതികേടിലാണ്.

ഫെലോഷിപ്പ് കിട്ടാന്‍ കാലതാമസത്തിന് കാരണക്കാര്‍ ഗവേഷകരാണെന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ നിലപാട്. കൃത്യസമയത്ത് റിപ്പോര്‍ട്ട് കൊടുക്കാതിരിക്കുന്നതും സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കവും കാരണമാണ് ഫെലോഷിപ്പ് വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കത്തിലെ കൊട്ടും കുരവയും കഴിഞ്ഞതോടെ ഈ പരിപാടിയും അവതാളത്തിലായി എന്നാണ് ഫെലോഷിപ്പ് ജേതാക്കള്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top