നവകേരളസദസിൽ പരാതി പരിഹാരം മുറപോലെ; കാസർകോട്ടെ 14,698-ൽ തീർപ്പാക്കിയത് 169 മാത്രം; സമയമെടുക്കുമെന്ന് വിശദീകരണം
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസില്‍ ലഭിച്ച പരാതികള്‍ക്ക് അധോഗതി. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന അവസ്ഥയാണ് ഈ പരാതികള്‍ക്കും നേരിട്ടത്. നവകേരള സദസ് ആരംഭിച്ച കാസര്‍കോട് ലഭിച്ച 14,698 പരാതികളില്‍ ഇതുവരെ തീര്‍പ്പാക്കിയത് 169 എണ്ണം മാത്രം. 2028 പരാതികളിൽ നടപടി തുടങ്ങിയതേയുള്ളൂ. 12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല.
“ഇത്രയും അപേക്ഷ വരുമെന്ന് കരുതിയില്ല. 14,698 പരാതികളാണ് ലഭിച്ചത്. ഇത്രയും പരാതികള്‍ വായിച്ച് മനസിലാക്കാന്‍ തന്നെ സമയം എടുക്കും. പരാതിയിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് തീര്‍പ്പാക്കുക ഇനിയും വൈകും. രണ്ടാഴ്ചയ്ക്കകമൊന്നും പരാതികള്‍ പരിഹരിക്കാന്‍ കഴിയില്ല. പലതിനും അതാത് വകുപ്പുകളാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. അവര്‍ക്ക് തന്നെ താഴെയുള്ള ഓഫീസിലേക്ക് അയക്കേണ്ടി വരും. അതിനു സമയമെടുക്കും”-കാസര്‍കോട് എഡിഎം കെ.നവീന്‍ ബാബു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
“വീടുകളില്ലാത്ത പ്രശ്നവും ഭൂമി തര്‍ക്കവുമൊക്കെയുണ്ട്. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളാണ് ഇവയൊക്കെ. വീടിന്റെ പരാതികള്‍ പോയിരിക്കുന്നത് ലൈഫ് മിഷനിലേക്കാണ്. അവിടെ മാത്രം 2000 പരാതികള്‍ പോയിട്ടുണ്ട്. ലൈഫ് മിഷന്‍ കോഓര്‍ഡിനേറ്ററായി ഉള്ളത് ഒരാള്‍ മാത്രമാണ്. മറ്റുള്ള ജോലികള്‍ക്കിടയിലാണ് ഈ ജോലിയും ചെയ്യുന്നത്. സ്വാഭാവികമായ സമയമെടുക്കും”-നവീന്‍ബാബു പറയുന്നു.
നവകേരള സദസ് തുടങ്ങുംമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനം ജില്ലാതല പരാതികള്‍ രണ്ടാഴ്ചക്കകവും സംസ്ഥാനതല പരാതികള്‍ 45 ദിവസങ്ങള്‍ക്കുള്ളിലും തീര്‍പ്പ് കല്‍പ്പിക്കുമെന്നായിരുന്നു. ഒന്നും നടപ്പിലായിട്ടില്ല. നവംബര്‍ 18-നാണ് നവകേരള സദസ് കാസര്‍കോട് നിന്നും ആരംഭിച്ചത്. സദസ് തുടങ്ങി ഇന്ന് 16 ആം ദിവസമായിട്ടും പരാതികള്‍ തരംതിരിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുന്നതേയുള്ളൂ. നവകേരള സദസ് കേരളമാകെ പര്യടനം നടത്തുകയും പരാതി സ്വീകരിക്കലും നടത്തുന്നുണ്ടെങ്കിലും പരിഹാരം അകലെ തന്നെയാണെന്നാണ് കാസര്‍കോട് സംഭവിച്ചത് വ്യക്തമാകുന്നത്.
പല തവണ സര്‍ക്കാരില്‍ നല്‍കി പരിഹാരം കാണാത്ത പരാതികള്‍ വീണ്ടും നല്‍കിയിട്ടുണ്ട്. പെട്ടെന്ന് തീര്‍പ്പാക്കാനാകാത്തവയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാരിനെ കളിയാക്കിയുള്ള 14 ഓളം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസ് മാത്രമാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായുള്ള പരാതികള്‍ക്ക് ഫയലില്‍ തന്നെ വിശ്രമിക്കേണ്ടി വരുന്ന അവസ്ഥയാണ്.
നവകേരള സദസിലെ പരാതികള്‍ ശേഖരിക്കുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. ഫോൺ നമ്പറും പരാതിയിൽ രേഖപ്പെടുത്തിയ ശേഷം അതതു വകുപ്പുകൾക്കു കൈമാറുകയാണ് ചെയ്യുന്നത്. www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിലേക്കാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി ഈ വെബ്സൈറ്റിൽ നിന്ന് അറിയാം എന്നാണ് അറിയിപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here