“നവകേരളത്തിനായി പൊളിച്ചടുക്കൽ തുടരുന്നു”; പൊൻകുന്നത്ത് സ്കൂൾ കെട്ടിടം പൊളിച്ചതിൽ കോൺഗ്രസ് – ബിജെപി പ്രതിഷേധം; ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമെന്ന് പഞ്ചായത്ത്
കോട്ടയം: നവകേരള സദസിന് വേദിയൊരുക്കാന്‍ മതിലും കൊടിമരങ്ങളും പൊളിക്കുന്നതിനു പിന്നാലെ കോട്ടയം പൊന്‍കുന്നത്ത് സ്കൂള്‍ കെട്ടിടം തന്നെ പൊളിച്ച് നീക്കിയെന്ന് വിവാദം. ഡിസംബര്‍ 12 ന് നവകേരള സദസ് നടക്കാനിരിക്കുന്ന പൊന്‍കുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ട് നില കെട്ടിടമാണ് ഈ കഴിഞ്ഞ ദിവസം പൊളിച്ചത്. ബസ് കയറുമോ എന്ന് ഉറപ്പാക്കാന്‍ കെട്ടിടം പൊളിച്ച സ്ഥലത്തുകൂടി ബസ് ഉള്ളില്‍ കടത്തിയുള്ള പരിശോധനയും ഇന്നലെ പൂര്‍ത്തിയാക്കി.
അതേസമയം ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണെന്നും പൊളിക്കാന്‍ അനുമതിക്കായി അപേക്ഷിച്ചിരിക്കുകയാണെന്നും സ്കൂളിന്റെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് അധികൃതര്‍ വിശദീകരിച്ചു. ”എന്നാല്‍ പൊളിച്ച കാര്യം അറിഞ്ഞില്ല. വിവരം തിരക്കട്ടെ എന്നായിരുന്നു” കോട്ടയം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.പുഷ്പമണി മാധ്യമ സിന്‍ഡിക്കറ്റിനോട് പ്രതികരിച്ചത്.
1956-ല്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. എന്നാല്‍ ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി തുടരുകയായിരുന്നു. പൊളിച്ച് നീക്കാന്‍ അനുമതിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നവകേരള സദസ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ തിടുക്കത്തില്‍ അനുമതി വരുകയും തിടുക്കത്തില്‍ പൊളിക്കുകയായിരുന്നു. ഇതാണ് ഒടുവില്‍ തെളിഞ്ഞ ചിത്രം.
നവകേരള സദസ് നടക്കുന്നിടത്തെ സ്കൂള്‍ കെട്ടിടങ്ങളും മതിലുകളും വ്യാപകമായി ഇടിച്ച് കളയുന്നത് വിവാദമായി തുടരുകയാണ്. ബസ് കടന്നുപോകാന്‍ വേണ്ടി എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിലും കൊടിമരവും, പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ മതിൽ പൊളിക്കാന്‍ നിര്‍ദ്ദേശമുണ്ട്. പാലക്കാട് നെന്മാറ ഗവ. എച്ച്എസ്എസിന്റെ പ്രധാന കവാടത്തിലെ കമാനവും ബോർഡും ഇന്നലെ മുറിച്ചു മാറ്റി. വേദിയുടെ നിർമാണത്തിനായി ഒരാഴ്ച മുൻപ് ചുറ്റുമതിലിന്റെ പിൻഭാഗം പൊളിച്ചിരുന്നു.
വയനാട് മാനന്തവാടി ജിവിഎച്ച്എസ്‌എസ്, മലപ്പുറം വണ്ടൂർ ഗവ.വിഎംസി എച്ച്എസ്എസ്, മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ മതിൽ പൊളിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് കുട്ടികളെ വെയിലത്ത് നിര്‍ത്തിയതും ആളുകളെ എത്തിക്കാന്‍ കോടതിവിധി ലംഘിച്ച് അണ്‍ എയിഡഡ് സ്കൂളുകളുടെ സ്കൂളുടെ ബസുകള്‍ ഉപയോഗിച്ചതും മറ്റൊരു വിവാദമാണ്. നടപടികള്‍ വിവാദത്തില്‍ മുങ്ങുമ്പോഴാണ് പൊന്‍കുന്നം വിഎച്ച്എസ്എസിന്‍റെ രണ്ട് നില കെട്ടിടം തന്നെ ഇല്ലാതാക്കിയിരിക്കുന്നത്.
2020 ന് ശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. ”കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഉപയോഗശൂന്യമായി തുടരുകയാണ്. അതിനാല്‍ പൊളിച്ച് കളഞ്ഞു”-സ്കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ സ്കൂളിന്റെ വാദം ജനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഒരുപോലെ തള്ളിക്കളയുകയാണ്.
“കെട്ടിടം ഉപയോഗിക്കുന്നില്ല എന്നത് മറ്റൊരു വാദമാണ്. 2020 നു ശേഷം ഫിറ്റ്‌നസ് ലഭിച്ചിട്ടില്ലെന്ന് അവര്‍ പറയുമ്പോള്‍ എന്ത് കൊണ്ട് ഇതുവരെ പൊളിച്ച് കളഞ്ഞില്ല? ഇപ്പോള്‍ പൊളിച്ച് കളഞ്ഞത് നവകേരള സദസിനാണെന്ന് വ്യക്തമാണ്”-ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ധാര്‍ഷ്ട്യവും ധിക്കാരവുമാണ് പൊന്‍കുന്നത്ത് നടന്നത്. നവകേരള സദസിന് മുന്‍പേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങും”-സുരേഷ് പറയുന്നു.
“സ്കൂള്‍ കെട്ടിടം പൊളിച്ചത് നവകേരള സദസിന് വേണ്ടിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല”-ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിജെപിയുടെ സി.ഗോപാലന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “ഇനി വരുന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഈ പ്രശ്നം ഉന്നയിക്കും”-ഗോപാലന്‍ പറയുന്നു.
“ഇത്രയും നാള്‍ കെട്ടിടം കുഴപ്പം കൂടാതെ നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ചാടിക്കയറി പൊളിച്ച് മാറ്റിയത് നവകേരള സദസിന് വേണ്ടിയാണ്. ഡിസംബര്‍ 12-നാണ് നവകേരള സദസ് നടക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പൊളിക്കല്‍ നടക്കുകയാണ്. നവകേരള സദസിന്റെ വിളംബരജാഥ ഏഴാം തീയതി ഇടതുമുന്നണി സംഘടിപ്പിക്കുന്നുണ്ട്. അതിനു മുന്‍പായി തന്നെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും”-കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ കുറിഞ്ഞിയില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here