ഒന്നും നടന്നില്ലെങ്കിലും നവകേരള സദസിനെക്കുറിച്ച് പഠിക്കാന്‍ ഐഎംജി; ഭരണതലത്തില്‍ ചലനമുണ്ടാക്കിയോ എന്നറിയാന്‍

വിവാദത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസിനെക്കുറിച്ച് പഠിക്കാന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഒരുങ്ങുന്നു.

നവകേരള സദസ് കേരളത്തിന് എന്ത് ഗുണമുണ്ടാക്കി, ഏതൊക്കെ തലത്തില്‍ പ്രതികരണമുണ്ടാക്കി എന്നൊക്കെയാണ് ഐഎംജി പഠിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയായ ഐഎംജി ഡയറക്ടര്‍ കെ.ജയകുമാറാണ് പഠനത്തിന് തീരുമാനമെടുത്തത്. നവകേരള സദസിന്റെ നടത്തിപ്പ് മുതല്‍ അത് ഭരണ നിര്‍വ്വഹണ മേഖലയിൽ ഉണ്ടാക്കിയ ചലനങ്ങൾ വരെ വിലയിരുത്തുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും നവകേരള സദസിലുള്ള പങ്കാളിത്തം, സദസില്‍ നിന്നും പ്രചോദനം കൊണ്ട് എടുത്ത സര്‍ക്കാര്‍ തലത്തിലെ തീരുമാനങ്ങള്‍, പരിപാടിയില്‍ എത്തിയ നിവേദനങ്ങളുടെ സ്വഭാവം, അതിന് വന്ന നടപടികള്‍ തുടങ്ങി സമഗ്രമായ വിലയിരുത്തലിനാണ് ഐഎംജി ഒരുങ്ങുന്നത്. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എല്ലായിടത്തുനിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. ഒരു മാസത്തിനകം പഠനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് മന്ത്രിസഭ നവകേരള സദസുമായി നേരിട്ട് രംഗത്തിറങ്ങിയത്. നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ് നടന്നത്. ഒരു മാസം നീണ്ടുനിന്ന നവകേരള സദസിനെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ പലയിടത്തും സംഘര്‍ഷാവസ്ഥ നിലനിന്നു. കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ഉള്‍പ്പെടെ കൈകാര്യം ചെയ്തത് വന്‍പ്രതിഷേധത്തിന് ഇടവരുത്തുകയും ചെയ്തു.

മന്ത്രിമാരുടെ യാത്രയ്ക്കായി 1.05 കോടി രൂപ വിലയുള്ള ആഡംബര ബസ് വാങ്ങിയതും വിവാദമായിരുന്നു. അതിപ്പോള്‍ ഉപയോഗശൂന്യമായി എവിടെയോ കിടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top