‘ആഡംബരം’ കാണാൻ മുഖ്യമന്ത്രിയുടെ ക്ഷണം; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നവകേരള സദസിന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് കാസർഗോഡ് മഞ്ചേശ്വരത്ത് തുടക്കമായി. എൽഡിഎഫ് സർക്കാരിൻ്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനും യുഡിഎഫിനുമെതിരെയും കടുത്ത വിമർശനവും ഉയർത്തി. സംസ്ഥാന സർക്കാറിനെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് പ്രവർത്തിക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള സദസിന് ഉപയോഗിക്കാൻ തയ്യാറാക്കിയ ബസ് ആഡംബരമാണ് എന്ന പ്രതിപക്ഷ വിമർശനത്തിനും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ മറുപടി പറഞ്ഞു. താനും മന്ത്രിമാരും യാത്രക്കായി ഉപയോഗിക്കുന്ന ബസ് കാണാൻ മാധ്യമപ്രവര്‍ത്തകരെയും മുഖ്യമന്ത്രി ക്ഷണിച്ചു.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ നിന്നും മന്ത്രിമാരോടൊപ്പം താനും ആദ്യമായി ബസില്‍ കയറി. ബസിന്റെ ആഡംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ടും തനിക്ക് മനസിലായില്ല. അതിനാല്‍ പരിപാടി കഴിയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ബസില്‍ കയറണം. അതിന്റെ ഉള്ളില്‍ പരിശോധന നടത്തി ആഡംബരം മനസിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മഞ്ചേശ്വരം എംഎൽഎയെ പരിപാടിയിൽ നിന്നും വിലക്കിയ യുഡിഎഫ് നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. നവകേരള സദസ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണ്. സാധാരണ സര്‍ക്കാര്‍ പരിപാടികളിൽ പ്രദേശത്തെ നിയമസഭാംഗം പങ്കെടുക്കേണ്ടതാണ്.നവകേരള സദസിനും മണ്ഡലത്തിലെ നിയമസഭാംഗത്തിന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി രൂപീകരിക്കാനാണ് തീരുമാനിച്ചത്. മഞ്ചേശ്വരത്തെ ജനങ്ങൾ നവകേരള സദസിനെ സ്വീകരിച്ചിട്ടും കോണ്‍ഗ്രസിന് ഈ പരിപാടിയില്‍ സഹകരിക്കില്ലെന്ന് നിര്‍ബന്ധം. ജനാധിപത്യ പ്രക്രിയയ്ക്ക് എതിരായ നടപടിയാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വിവിധ പാര്‍ട്ടികളില്‍ പ്രവർത്തിക്കുന്ന സാധാരണക്കാര്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നതിന് തെളിവാണ് പരിപാടിയിലെ ജനപങ്കാളിത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടം ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ജനം അതിനൊപ്പമല്ല. സര്‍ക്കാരിനോട് രാഷ്ട്രീയ ഭിന്നത കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്. ബിജെപിക്ക് അത് അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്ത് ഒരുപാട് തെറ്റായ നടപടികളും മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ കേന്ദ്രം ശ്രമിക്കുകയാണ്. രാജ്യം നേരിടുന്ന വിവിധ പ്രശ്നനങ്ങളെ മറച്ചു വെക്കാനാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് വഴി ലക്ഷ്യം വെക്കുന്നത്. ഇതോടെ യഥാർഥ പ്രശ്ങ്ങൾ ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ഒരു തെരഞ്ഞെടുപ്പ്, ഒരു വ്യക്തി നിയമം ഇങ്ങനെ തുടങ്ങി ഒരു ഒരു എന്ന വാക്കിലേക്ക് ജനങ്ങളെ വഴി തിരിച്ചു വിടുകയാണ് കേന്ദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top