നവകേരള സദസ് തൃശൂര്‍ മൃഗശാലയില്‍ നിന്നും മാറ്റി; തീരുമാനം ഹൈക്കോടതി ഇടപടലിനെ തുടര്‍ന്ന്

കൊച്ചി: നവകേരള സദസ് പൊതുയോഗം തൃശൂർ പുത്തൂരിലെ മൃഗശാലയിൽനിന്നു മാറ്റിയതായി സർക്കാർ ഹൈക്കോടതിയിൽ. ഇവിടെ യോഗം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. വെള്ളാനിക്കര കാർഷിക സർവകലാശാലാ മൈതാനമാണു പുതിയ വേദി.

ഒല്ലൂർ മണ്ഡലത്തിലെ യോഗമാണ് ഈമാസം അഞ്ചിന് പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ നടത്താൻ തീരുമാനിച്ചിരുന്നത്. തൃശൂർ സ്വദേശി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു പരിഗണിച്ചത്.

മൃഗശാലയിൽ മുക്കാൽ ഭാഗത്തോളം പൂർത്തിയായ വേദി അഴിച്ചുമാറ്റിത്തുടങ്ങി. സദസ്സിനു മുന്നോടിയായി ഇന്നലെ വൈകിട്ട് ഇവിടെ നടത്താനിരുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലേക്കു മാറ്റി. പാർക്കിങ് ഏരിയയിലാണു യോഗമെന്നും ഇതു മൃഗശാലാ വളപ്പിലല്ലെന്നും സർക്കാർ വാദിച്ചിരുന്നു.

എന്നാൽ വന്യമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നിടത്ത് എങ്ങനെ പരിപാടി നടത്തുമെന്നും ലൗഡ് സ്പീക്കറിന് അനുമതിയുണ്ടോയെന്നും കോടതി ആരാഞ്ഞു. തുടർന്ന് ഉച്ചവരെ സമയം തേടിയശേഷം വേദി മാറ്റുന്നതായി സർക്കാർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top