ആറ്റിങ്ങൽ യുദ്ധക്കളമായി; യൂത്ത് കോണ്‍.-ഡിവൈഎഫ്ഐ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍; രണ്ട് വീടുകള്‍ ആക്രമിക്കപ്പെട്ടു

ആറ്റിങ്ങൽ: നവകേരള സദസിന് നേരെ നേരെ ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം വ്യാപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ സംഘട്ടനവും വീടുകയറിയുള്ള ആക്രമണവുമാണ് നടക്കുന്നത്. ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആലംകോടും, കരവാരം ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി എട്ടരയോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചതോടെയാണ് തുടക്കം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ നേരിട്ടതോടെ പ്രശ്നം വഷളായി.

ബുധനാഴ്ച രാത്രി നടന്ന സംഘട്ടനത്തില്‍ ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരുക്കുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെയാണ് രണ്ട് വീടുകൾ ആക്രമിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ ആലംകോട്ടെ വീട്ടിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാനും സിപിഎം നേതാവുമായ എ.നജാമിന്റെ വീട് ആക്രമിക്കപ്പെട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

മുഖം മറച്ച 50 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സുഹൈലിന്റെ വീടാക്രമിച്ചത്-കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “സംഘര്‍ഷ സാധ്യത മനസിലാക്കി ആറ്റിങ്ങല്‍ സിഐയെ വിളിച്ച് പറഞ്ഞു സ്ഥലത്ത് പോലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു.പക്ഷെ ആക്രമണത്തിന് തൊട്ടുമുന്‍പ് പോലീസിന്റെ എണ്ണം കുറഞ്ഞു. ഈ സമയത്താണ് ഡിവൈഎഫ്ഐ ആക്രമണം നടന്നത്” -ഗിരികൃഷ്ണന്‍ ആരോപിച്ചു.

അക്രമസംഭവങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ നജാമിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് കൗണ്‍സിലറെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്-ആറ്റിങ്ങല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.മുരളീകൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top