മുഖ്യമന്ത്രിയ്ക്ക് സ്പെഷ്യല്‍ ബസ്; മുടക്കുന്നത് 1.05 കോടി; പണം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നവകേരള സദസിൻ്റെ പേരിൽ മറ്റൊരു കൈവിട്ട ചിലവ് കൂടി. പരിപാടിക്കായി സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ബസ് ഒരുക്കുന്ന വകയിൽ ചിലവാക്കുന്നത് ഒരുകോടി അഞ്ചുലക്ഷം രൂപ. ആഡംബര സൗകര്യങ്ങളുമായി ‘കാരവൻ മോഡലിൽ’ ബംഗളൂരുവില്‍ പണിയുന്ന ബസ് ഉടൻ കേരളത്തിലേക്ക് എത്തിക്കും. സ്‌പെഷ്യല്‍ ബസിനുള്ള പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കി. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഇത്. 5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ബസ് വാങ്ങിക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കിയത്.

ബസ് വാങ്ങാൻ 1,05,20,000 രൂപ വേണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ 22ന് പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് ഒക്ടോബർ എട്ടിന് ധനവകുപ്പിലേക്ക് എത്തുകയും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ ധനമന്ത്രി തുക അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കായി ബസിൽ വിശാല സൗകര്യങ്ങളാണ് ഉള്ളത്. മറ്റു മന്ത്രിമാരും ബസില്‍ സഞ്ചരിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
2021 മെയ് മാസത്തിനു ശേഷം മുഖ്യമന്ത്രിക്ക് മാത്രം 4 പുതിയ കാറുകൾ വാങ്ങിയിട്ടുണ്ട്. 2.50 കോടി രൂപയാണ് ചെലവ്. ഇന്നോവ ക്രിസ്റ്റക്ക് പകരം കറുത്ത കിയ കാര്‍ണിവല്‍, ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ പ്രത്യേക വാഹനം, കണ്ണൂര്‍ സഞ്ചരിക്കാന്‍ മറ്റൊരു കാര്‍ എന്നിങ്ങനെയാണ് നിലവിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം. നവകേരള സദസിന്റെ പേരില്‍ 1.05 കോടിയുടെ ആഡംബര ബസും കൂടിയായതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങളുടെ അകമ്പടിയിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിമാരിൽ ഒരാളായി പിണറായി വിജയൻ മാറി.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്. സര്‍ക്കാര്‍ ചെലവില്‍ എല്‍ഡിഎഫിന്റെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണമാണ് നവകേരള സദസ് എന്നാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here