നവകേരള സദസിന് കരുതല്‍ തടങ്കലിലായത് 519 പേര്‍; 1491പേരെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി
മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ നവകേരള സദസിനിടെ 519 പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചെന്ന് മുഖ്യമന്ത്രി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പതിനൊന്ന് ജില്ലകളിലായാണ് ഇത്രയും പേരെ കരുതല്‍ തടങ്കലില്‍ വെച്ചത്.
സദസിന് എതിരെ പ്രതിഷേധിച്ച 1491 പേരെ അറസ്റ്റ് ചെയ്തുവെന്നും 33 പേരെ ജയിലിൽ അടച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേരെ കരുതൽ തടങ്കലിൽ വച്ചത്. 116 പേരെയാണ് മലപ്പുറത്ത് കരുതൽ തടങ്കലിൽ വച്ചത്.
നവകേരള സദസ് സമയത്ത് പോലീസ് സൃഷ്ടിച്ച ബന്ധനത്തിനകത്തായിരുന്നു രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും. കടുത്ത പ്രതിഷേധമാണ് കരുതല്‍ തടങ്കലിനെതിരെയും മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച ‘രക്ഷാപ്രവര്‍ത്തന’ത്തിന് എതിരെയും ഉയര്‍ന്നത്. നവകേരള സദസിനെതിരെ ഉയര്‍ന്ന കരിങ്കൊടി പ്രതിഷേധങ്ങളെപ്പോലും ഒരു ദയവുമില്ലാതെ അടിച്ചൊതുക്കുകയാണ് പോലീസ് ചെയ്തത്. നവകേരള സദസും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി എന്ന് സിപിഎം വിലയിരുത്തിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് എന്ന മട്ടിൽ അവതരിപ്പിച്ച നവകേരള സദസ് പിന്നീട് പോലീസ് അതിക്രമങ്ങളുടെ പേരില്‍ വിവാദമായി മാറി. നവകേരള സദസിന് വാങ്ങിയ ആഡംബര ബസും നിരവധി ട്രോളുകൾക്ക് വിധേയമായി. ബസ് മ്യൂസിയത്തിൽ വയ്ക്കും എന്ന എ.കെ.ബാലന്‍റെ പ്രഖ്യാപനവും ബസ് കയറാന്‍ വേണ്ടി സ്കൂളുകളുടെ മതിൽ തകർത്തതും സർക്കാരിന്‍റെ പ്രതിച്ഛായയും മോശമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here