നവകേരള സദസിന്റെ മുഴുവന്‍ വിശദാംശങ്ങളും ഉടനടി നല്‍കണം; ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: നവകേരള സദസിന് വൻതോതിലുള്ള ജനപങ്കാളിത്തമുണ്ടായെന്നും വന്‍ വിജയമായെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് ഉറപ്പിക്കാന്‍ ജില്ലകളില്‍ നിന്നുള്ള കണക്കെടുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടി തുടങ്ങി. നവകേരള സദസിന്റെ ജില്ലാ തല വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മുഴുവന്‍ കളക്ടര്‍മാരോടും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ ജില്ലകളിലും നടന്ന സദസിന്റെ മുഴുവന്‍ വിശദാംശങ്ങളും നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്‌. മെഡിക്കൽ കൗണ്ടറുകള്‍, ഹെൽപ്പ് ഡെസ്‌ക്കുകള്‍, പൊതുജനങ്ങളിൽ നിന്നുള്ള നിവേദനങ്ങളുടെ എണ്ണം, പരാതികളും സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍. വേദിയുടെ ശേഷി, സജ്ജീകരിച്ച കസേരകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ ലഭിച്ച പരാതികളുടെ എണ്ണവും തീർപ്പാക്കിയ പരാതികളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.

സദസ് നടന്ന സ്ഥലങ്ങളുടെ പ്രത്യേകതകൾ, പരിപാടികളിൽ സംസാരിച്ച മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങള്‍, സാംസ്കാരിക പ്രദർശനങ്ങളുടെ വിവരങ്ങള്‍, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, എൻസിസി ഗാർഡ് ഓഫ് ഓണർ, ബാൻഡുകൾ, സ്വാഗത പരിപാടികൾ, വേദികളിൽ അവതരിപ്പിക്കുന്ന തെയ്യം, കഥകളി തുടങ്ങിയ കലാരൂപങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ ജില്ലയിലെയും പരിപാടികൾക്ക് നൽകിയ പ്രചാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലകളിലെ സ്പോൺസർഷിപ്പ് വിശദാംശങ്ങള്‍ ശേഖരിക്കാനും അവയുടെ കണക്കുകള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top