ഓടുന്ന ബസിന് നേരെ ഷൂ എറിഞ്ഞാല്‍ വധശ്രമക്കേസോ? അതിരൂക്ഷ വിമര്‍ശനവുമായി കോടതി

കൊച്ചി: പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കെഎസ് യുക്കാര്‍ ഷൂ എറിഞ്ഞ കേസിൽ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓടുന്ന ബസിന് നേരെ ഷൂ എറിഞ്ഞാല്‍ വധശ്രമക്കേസ് എങ്ങനെ ചുമത്താന്‍ കഴിയുമെന്നാണ് കോടതി ചോദിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദനം നടത്തുമ്പോള്‍ പോലീസ് ഉണ്ടായിരുന്നില്ലേ? എങ്ങനെ രണ്ട് നീതി നടപ്പിലാക്കാന്‍ കഴിയും? മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോര, ജനങ്ങളെക്കൂടി പോലീസ് സംരക്ഷിക്കണം. പൊലീസ് ചെയ്യുന്നത് നീതികേടാണ്. നീതി എല്ലാവർക്കും ലഭിക്കാനുള്ളതാണ്- കോടതി പറഞ്ഞു. അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ വിമര്‍ശനം.
കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ജിബിൻ ദേവകുമാർ, ജെയ്ഡൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. മനഃപൂർവമായ നരഹത്യാശ്രമം ഉള്‍പ്പെടെ ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ഞായറാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ഷൂ ഏറുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രി അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടികൾ പിന്നാലെ വരും. പിന്നെ വിലപിച്ചിട്ടു കാര്യമില്ല. ഇത് നാടിനോടുള്ള വെല്ലുവിളിയാണെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here