‘പൊതുവിദ്യാഭ്യാസം പൊളിച്ചടുക്കി നവകേരള സദസ്’; കുട്ടികളുടെ പഠനം അവതാളത്തിൽ

തിരുവനന്തപുരത്ത്: പൊതു വിദ്യാഭ്യാസ രംഗത്തെ മികവിന് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ച സംസ്ഥാനമാണ് കേരളം. എന്നാൽ ഇതേ പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളുടെ പഠന സമയവും അവരുടെ സൗകര്യങ്ങളുമാണ് ഇപ്പോൾ നവകേരള സദസിനായി ഉപയോഗിക്കുന്നത്. കുട്ടികളെ പൊരിവെയിലത്ത് നിർത്തിയും സ്കൂൾ കെട്ടിടം വരെ പൊളിച്ചു കളഞ്ഞുമാണ് നവകേരള സദസ് മുന്നേറുന്നത്.

സാധാരണ കുടുംബത്തിലെ കുട്ടികളാണ് കൂടുതലും സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗം മികച്ച നിലവാരം പുലർത്തുന്നെന്ന് പറയുമ്പോഴും അവരുടെ പഠിത്തം തടസപ്പെടുത്തി നവകേരള സദസിന് സൗകര്യം ഒരുക്കുകയാണ് അധ്യാപകർ ഉൾപ്പെടെ. തലശ്ശേരി ചമ്പാട് എൽ.പി സ്കൂളിലെ കുട്ടികളെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയിൽ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതിൽ ഹൈക്കോടതി ഇടപെട്ട് താക്കീത് നൽകിയിരുന്നു. ഇതിനുപിന്നാലെ മലപ്പുറം തുയ്യം സ്കൂളിലും കുട്ടികളെ റോഡിൽ ഇറക്കി നിർത്തിയിരുന്നു. കോടതി ഉത്തരവ് പോലും അവഗണിച്ചാണ് ഇത്തരം പ്രവർത്തികൾ. എയ്ഡഡ് – അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ ആരും പഠിത്തം തടസപ്പെടുത്തി യാതൊന്നും ചെയ്യിക്കുന്നില്ല. സർക്കാർ ചിലവിൽ പഠിക്കുന്നത് കൊണ്ടാണോ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളോട് മാത്രം ഇത്തരം പ്രവണതയെന്നാണ് രക്ഷിതാക്കളുടെ ന്യായമായ സംശയം.

ഇതിനെല്ലാം പുറമെ സ്കൂൾ കെട്ടിടങ്ങളും മതിലുകളും ഗേറ്റുമെല്ലാം വ്യാപകമായി പൊളിച്ചുനീക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് വഴിയൊരുക്കാനാണ് ഇതൊക്കെ. കുട്ടികൾക്ക് പഠിക്കാൻ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി എന്ത് പ്രശ്നപരിഹാരമാണ് നടത്തുന്നതെന്ന് വ്യക്തമല്ല. ബസ് വേദിക്കുള്ളിൽ കടന്നു വരണം എന്ന നിർബന്ധമാണോ ഇതിനൊക്കെ കാരണമെന്ന് കരുതേണ്ടി വരും. വയനാട് മാനന്തവാടി ജിവിഎച്ച്എസ്‌എസ്, മലപ്പുറം വണ്ടൂർ ഗവ. വി.എം.സി എച്ച്എസ്എസ്, മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂൾ, പെരുമ്പാവൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി പലയിടത്തും ചുറ്റുമതിലും പ്രധാന കവാടവുമൊക്കെ നവകേരള സദസിന് വീഥി ഒരുക്കാൻ പൊളിച്ചുമാറ്റി.

ഇതിലും നിർത്തിയില്ല, കോട്ടയം പൊൻകുന്നം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ടുനില കെട്ടിടവും ഇക്കഴിഞ്ഞ ദിവസം പൊളിച്ചു നീക്കി. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടം പൊളിക്കാന്‍ പഞ്ചായത്തിൽ അനുമതിക്കായി അപേക്ഷിച്ചിരുന്നെന്നും, എന്നാൽ പൊളിച്ച കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞത്. അതേസമയം ബസ് കയറുമോ എന്ന് ഉറപ്പാക്കാന്‍ കെട്ടിടം പൊളിച്ച സ്ഥലത്തുകൂടി ബസ് ഉള്ളില്‍ കടത്തിയുള്ള പരിശോധനയും പൂര്‍ത്തിയാക്കി.

വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ഒരു ഉത്തരവും നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു പറയുമ്പോഴും, അതിനു നേരെ വിപരീതമാണ് ഇവിടെ നടക്കുന്നത്. മലപ്പുറത്ത് തവനൂർ മണ്ഡലത്തിലെ നവകേരള സദസിൽ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് വട്ടക്കുളം പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പഞ്ചായത്തിന് അധികാരമില്ലെന്ന് ആരോപണവും ഉയർന്നിരുന്നു. പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകരെ നിർബന്ധിച്ച് നവകേരള സദസിന് പങ്കെടുപ്പിക്കുന്നതിനെതിരെ എൻടിയു, ക്യുഐപി തുടങ്ങിയ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

നവകേരള സദസ് അഞ്ചു ജില്ലകൾ പിന്നിടുമ്പോൾ ഇത്രയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുനീക്കിയെങ്കിൽ, തിരുവനന്തപുരത്ത് എത്തുമ്പോൾ ഇനിയും എത്ര സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരുമെന്ന ആശങ്ക ഉയരുന്നുണ്ട്. പൊളിച്ചു നീക്കിയവ തിരികെ നിർമിക്കാൻ വലിയ തുക തന്നെ വേണ്ടി വരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ ഈ അധിക ചിലവിന്റെ ഭാരം എങ്ങനെ വഹിക്കുമെന്ന് വ്യക്തമല്ല. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top