നവകേരള സദസിന് ഒരു ലക്ഷം നല്‍കില്ല; തിരുവല്ല നഗരസഭാ ചെയർപേഴ്സണെ ഇടത് കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു

തിരുവല്ല: നവകേരള സദസിന് ഒരു ലക്ഷം രൂപ അനുവദിച്ച തീരുമാനം റദ്ദ് ചെയ്തതിനെ തുടര്‍ന്ന് തിരുവല്ല നഗരസഭാ ചെയർപേഴ്സണ്‍ അനു ജോര്‍ജിനെ ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു. തീരുമാനം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഫണ്ട് അനുവദിച്ച മുന്‍ തീരുമാനം റദ്ദാക്കാന്‍ ഇന്ന് നഗരസഭാ യോഗം വിളിച്ചപ്പോഴാണ് ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയത്. തുടര്‍ന്ന് ചെയര്‍പേഴ്സണെ തടഞ്ഞുവെക്കുകയായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗം ചേര്‍ന്നാണ് ഫണ്ട് അനുവദിച്ച മുന്‍ തീരുമാനം റദ്ദ് ചെയ്തത്. നഗരസഭാ ചെയര്‍പേഴ്സണെ ഓഫീസ് മുറിയില്‍ തടഞ്ഞുവെച്ചതോടെ പോലീസുമെത്തി. സംഘര്‍ഷാന്തരീക്ഷം തുടരുകയാണ്.

ഈ മാസം നാലാം തീയതിയാണ് നവകേരള സദസിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു ലക്ഷം രൂപ ഫണ്ട് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം വന്നത്. അത് പ്രകാരം നഗരസഭ ഫണ്ട് അനുവദിച്ചു. ഇതിനു ശേഷമാണ് നവകേരള സദസിന് ഫണ്ട് നല്‍കരുതെന്ന കെപിസിസി നിര്‍ദ്ദേശം വന്നത്. ഇതോടെയാണ് തീരുമാനം റദ്ദ് ചെയ്യാന്‍ നഗരസഭാ യോഗം വിളിച്ചത്. ” ചെയര്‍പേഴ്സണെ തടഞ്ഞുവെച്ചതുകൊണ്ട് തീരുമാനം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന്” കോണ്‍ഗ്രസ് കൗണ്‍സിലര്‍ സജി.എം. മാത്യു മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

യുഡിഎഫ് ഭരണത്തിലുള്ള തിരുവല്ല നഗരസഭ നവകേരള സദസിന് ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നവകേരളസദസിന് ഫണ്ട് നല്‍കേണ്ടതില്ലെന്ന് കെപിസിസി തീരുമാനമെടുത്തിരുന്നു. ആ തീരുമാനം നടപ്പിലാക്കണമെന്നാണ് തിരുവല്ല നഗരസഭയോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

നവകേരള സദസിന് ഫണ്ട് അനുവദിച്ച തിരുവല്ല നഗരസഭയ്ക്കും കോന്നി ബ്ലോക്ക് പഞ്ചായത്തിനും താക്കീതുമായി പത്തനംതിട്ട ഡിസിസി രംഗത്ത് വന്നിരുന്നു. കെപിസിസി നിര്‍ദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്‍റെ സതീഷ് കൊച്ചുപറമ്പിൽ ഇന്നലെ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ടെന്ന് അനു ജോര്‍ജും മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top