പിപി ദിവ്യക്ക് വീണ്ടും തിരിച്ചടി; നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസും

ആത്മഹത്യ ചെയ്ത കണ്ണൂ‍ർ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ്. നേരത്ത സമാനമായ റിപ്പോർട്ട് റവന്യൂ വകുപ്പും നൽകിയിരുന്നു. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാഹചര്യ തെളിവുകളോ ഡിജിറ്റൽ തെളിവുകളോ ഇല്ലെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും. മൊഴിയല്ലാതെ മറ്റ് തെളിവുകൾ നൽകാൻ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലൻസ് വ്യക്തമാക്കി.

അതേസമയം ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാൻ താൻ അപേക്ഷ സമർപ്പിച്ചിരുന്നു. എൻഒസി ലഭിക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായായിരുന്നു പ്രശാന്തൻ്റെ ആരോപണം.

നവീൻ ബാബുവിൻ്റെ ക്വാട്ടേഴ്‌സിൽ വെച്ചാണ് പണം നൽകിയത്. ഇക്കാര്യം സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന പിപി ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു പ്രശാന്തൻ പറഞ്ഞിരുന്നത്.

എഡിഎമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിലെത്തി പിപി ദിവ്യ നടത്തിയ പ്രസം​ഗത്തിന് ശേഷമായിരുന്നു നവീൻ ബാബു ആത്മഹത്യ ചെയ്തത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടെന്നും സ്ഥലം മാറിച്ചെല്ലുന്ന പത്തനംതിട്ടയിൽ അത് ആവർത്തിക്കരുതുമെന്നായിരുന്നു പ്രസംഗം. രണ്ട് ദിവസത്തിനകം കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന മുന്നറിയിപ്പും ദിവ്യ നൽകിയിരുന്നു. ഇതിന് പിന്നാലെ നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top