എഡിഎമ്മിന്റെ ജീവനൊടുക്കലിന് പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഗൂഡാലോചന എന്ന് കുടുംബം; പോലീസില്‍ പരാതി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും പെട്രോള്‍ പമ്പ് ഉടമ ടി.വി. പ്രശാന്തനുമെന്ന് കുടുംബം. ഇവര്‍ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ കെ.പ്രവീൺ ബാബു കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകി.

പി.പി.ദിവ്യ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് വന്നത് ക്ഷണിക്കാതെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞപ്പോള്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയില്ല. പിന്നീട് നല്‍കിയപ്പോള്‍ അതില്‍ അവിഹിത സ്വാധീനമുണ്ടെന്ന് പറഞ്ഞ് പരസ്യമായി അപമാനിച്ചു. ദിവ്യക്കും പെട്രോൾ പമ്പ്‌ ഉടമ പ്രശാന്തിനുമെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് പുലര്‍ച്ചെ നവീന്‍ ബാബുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. കണ്ണൂർ റവന്യൂവകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥസംഘംമൃതദേഹത്തെ അനുഗമിച്ചിരുന്നു.

ഇന്നലെ രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ അപമാനിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എഡിഎം എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വന്‍ പ്രതിഷേധമാണ് എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top