എഡിഎമ്മിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുടുങ്ങും; ദിവ്യക്ക് എതിരെ കേസ് വന്നേക്കും

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കുടുങ്ങാന്‍ സാധ്യത. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന എന്ന പരാതിയില്‍ ദിവ്യക്ക് എതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസ് വന്നേക്കും. നവീന്‍ ബാബുവിന്റെ സഹോദരനാണ് കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയത്.

പെട്രോള്‍ പമ്പ് പ്രശ്നത്തില്‍ എഡിഎമ്മിനെ കുടുക്കാന്‍ ദിവ്യയും പമ്പിന് എന്‍ഒസി തേടിയ പ്രശാന്തനും ഗൂഡാലോചന നടത്തി എന്നാണ് പരാതിയില്‍ ഉള്ളത്. കേസില്‍ ബന്ധുക്കളുടെ മൊഴി എടുക്കാന്‍ പോലീസ് ഒരുങ്ങുകയാണ്. ഇന്ന് എഡിഎമ്മിന്റെ സംസ്കാരചടങ്ങുകള്‍ കഴിഞ്ഞ ശേഷമാകും മൊഴി എടുക്കുക. എഡിഎമ്മിന്‍റെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തും. കളക്ടറുടെ മൊഴിയും രേഖപ്പെടുത്തേണ്ടി വരും. ആത്മഹത്യാപ്രേരണാ കുറ്റത്തിന് മുന്നോടിയായാണ്‌ ഈ ചോദ്യംചെയ്യല്‍.

ചൊവാഴ്ച രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ അപമാനിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എഡിഎം എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top