എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് എതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍; കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് കോടതിയില്‍ തിരിച്ചടി. ദിവ്യക്ക് എതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പോലീസ് റിപ്പോര്‍ട്ട് ദിവ്യക്ക് എതിരാണ്. റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തന്നെയാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ദിവ്യക്ക് എതിരെ പ്രേരണാക്കുറ്റത്തിന് തെളിവുണ്ട്. ആരോപണങ്ങള്‍ ഇങ്ങനെ മൈക്ക് കെട്ടി പറയുകയാണെങ്കില്‍ നിലവിലെ സംവിധാനങ്ങള്‍ പിന്നെ ഏന്തിനാണ് എന്നാണ് പ്രോസിക്യൂഷന്‍ ചോദിച്ചത്. പ്രസംഗം എഡിഎമ്മിന്‍റെ വ്യക്തിഹത്യയ്ക്ക് കാരണമായി. ഇത് ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്. ദിവ്യയെ സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യത്തിനുള്ള പ്രതീക്ഷ മങ്ങുന്നതാണ് ഈ നിലപാട്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ നിലപാടും ശ്രദ്ധേയവുമാണ്. അറസ്റ്റ് അനിവാര്യമാണെന്ന സന്ദേശമാണ് ഇതിലുള്ളത്.
എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നില്ല എന്നാണ് ദിവ്യയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് താന്‍ ചെയ്തതെന്നും യാത്രയയപ്പ് പരിപാടിയിലെ പ്രസംഗം സദുദ്ദേശ്യത്തോടെയായിരുന്നു എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്.
ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍ അഭിഭാഷകന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു. യോഗത്തിനു വരുന്നില്ലേ എന്ന് കളക്ടര്‍ ചോദിച്ചിരുന്നു. അതാണ് യാത്രയയപ്പ് യോഗത്തിന് എത്തിയത്. തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ആണെന്നും ദിവ്യ ബോധിപ്പിച്ചു. ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകയാണ് ദിവ്യ എന്ന വാദമാണ് കോടതിയില്‍ പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ചു. അഴിമതിക്ക് എതിരെ ശക്തമായ നിലപാടാണ് ദിവ്യ എടുത്തത്. അഞ്ച് വര്‍ഷക്കാലം വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് ആയിരുന്നു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്ന് വാദിച്ചു.
ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ അറസ്റ്റിലാകും. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍, കേസിലെ പ്രതി പ്രശാന്തന്‍ എന്നിവരുടെ മൊഴി എടുത്ത പോലീസ് ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരാനാണ് പോലീസ് കാത്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here