ഇഡി പേടിയിൽ നവീൻ ജിൻഡാലും ബിജെപിയിലെത്തി; 2022ൽ മുതൽ റെയ്ഡും കേസുകളും; മുൻ എംപിയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതൃത്വം
അഴിമതി ആരോപണത്തിൽ കുരുങ്ങിക്കിടന്ന ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപി പാളയത്തിലെത്തി. ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നുള്ള കോൺഗ്രസിൻ്റെ മുൻ എംപിയും പ്രമുഖ വ്യവസായിയുമായ നവീൻ ജിൻഡാലാണ് ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചത്. ഇദ്ദേഹത്തെ കുരുക്ഷേത്രയിലെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് 2004 മുതൽ 2014 വരെ കുരുക്ഷേത്ര എംപി ആയിരുന്നു. രാജ്യത്തെ പ്രമുഖ സ്റ്റീൽ നിർമ്മാണ കമ്പനിയായ ജിൻഡാൽ സ്റ്റീൽസ് ആൻ്റ് പവറിൻ്റെ ഉടമയാണ് നവീൻ. 55000 കോടി വിപണി മൂല്യമുള്ള കമ്പനിയാണിത്. ഹരിയാനയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഒപി ജിൻഡാലിൻ്റെ മകനാണ് നവീൻ.
എല്ലാ അഴിമതിക്കാരേയും ഇഡിയെ ഉപയോഗിച്ച് റെയ്ഡ് നടത്തുകയും കേസെടുക്കുകയും ചെയ്യുന്ന പതിവ് പരിപാടി നവീൻ്റെ കാര്യത്തിലും സംഭവിച്ചു. 2022 ഏപ്രിലിൽ ജിൻഡാൽ സ്റ്റീൽസിൻ്റെ ഡൽഹിയിലെയും ഗുഡ്ഗാവിലെയും ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി, കോടികളുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വാർത്തകളുണ്ടായിരുന്നു. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതിനും മറ്റുമാണ് കേസെടുത്തത്.
2009ലെ കൽക്കരി കുംഭകോണത്തിൽ നവീനും അദ്ദേഹത്തിൻ്റെ കമ്പനിയും ആരോപണ വിധേയരായിരുന്നു. രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് അക്കാലത്ത് ബിജെപിയും മറ്റും ആരോപിച്ചിരുന്നത്. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐയുടെയും ഇഡിയുടെയും അന്വേഷണ വലയത്തിലുമായിരുന്നു നവീനും കമ്പനിയും ഏറെക്കാലം. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2014ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2019ൽ കോൺഗ്രസ് ഇദ്ദേഹത്തിന് സീറ്റ് നൽകിയില്ല.
ഈയടുത്ത കാലത്ത് ഇത്തരത്തിൽ അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്ന ഒരുപറ്റം കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നിരുന്നു. 25000 കോടിയുടെ ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിക്കേസിലെ മുഖ്യപ്രതിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാൻ, മിലിന്ദ് ദിയോറ, സുരേഷ് പചൗരി തുടങ്ങിയവരാണ് ബിജെപിയിൽ കഴിഞ്ഞ ഒരുമാസത്തിനിടയിൽ ചേർന്നത്.
ഇഡിയുടെ അന്വേഷണം നേരിടുന്ന നവീൻ ജിൻഡാലിൻ്റ സ്റ്റീൽ കമ്പനി 195 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ വിവരവും ഇതിനിടെ പുറത്തുവന്നു. ഇലക്ഷൻ കമ്മിഷൻ്റെ രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ 50 കോർപ്പറേറ്റ് കമ്പനികളിലൊന്നാണ് ജിൻഡാൽ ഗ്രൂപ്പ്.ഇതുപോലെ കോടികളുടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിക്കൂട്ടിയ കോർപ്പറേറ്റ് കമ്പനികളുടെ അഴിമതിക്കേസുകളുടെ അന്വേഷണമൊക്കെ ഏതാണ്ട് അസ്തമിച്ച മട്ടാണ്.
കോടികളുടെ ആരോപണങ്ങൾ നേരിട്ടിരുന്ന നവീൻ ജിൻഡാൽ ബിജെപിയിലേക്ക് ചേർന്നതോടെ, ബിജെപി അയാളെ വെളുപ്പിച്ചെടുത്തുവെന്നാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞത്. കഴിഞ്ഞ 10 കൊല്ലമായി കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് നവീൻ ജിൻഡാൽ. അദ്ദേഹം കോൺഗ്രസ് വിട്ടുപോയി എന്നത് വെറും തമാശ മാത്രമാണ്. “കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി പ്രയത്നിക്കുന്ന നരേന്ദ്ര മോദി ഒരുപാട് വാഷിംഗ് മെഷീനുകൾ വാങ്ങി ഒരുപാട് അഴിമതിക്കാരെ വെളുപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇഡി, സിബിഐ അന്വേഷണം നേരിടുന്ന സകല അഴിമതിക്കാരായ കോൺഗ്രസുകാരെയും കൂട്ടമായി ഏറ്റെടുത്ത് പരിശുദ്ധരാക്കുന്ന തിരക്കിലാണ് പ്രധാനമന്ത്രി”; ജയ്റാം രമേശ് എക്സിൽ (ട്വിറ്റർ) കുറിച്ചു.
ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങി ബിജെപിക്ക് നൽകിയവരിൽ ഏറെയും മൈനിംഗ് കമ്പിനികളാണ്. ഇത്തരക്കാരെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവരുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here