രാജ്യത്ത് മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി, നവ്നീത് റാണയുടെ പ്രസംഗം വൈറൽ, ഏറ്റെടുത്ത് പ്രതിപക്ഷം; ന്യായീകരണമില്ലാതെ പാർട്ടി നേതൃത്വം

മുംബൈ: രാജ്യത്താകമാനം മോദി തരംഗം ആഞ്ഞടിക്കുകയാണെന്ന ബിജെപിയുടെ അവകാശവാദം സ്വന്തം സ്ഥാനാർത്ഥികൾ പോലും അംഗീകരിക്കുന്നില്ല. മഹാരാഷ്ടയിലെ അമരാവതി ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നവ്നീത് റാണയുടെ തുറന്നുപറച്ചിലാണ് വിനയായത്. പാർട്ടി പ്രവർത്തകർ മാത്രമുള്ള യോഗത്തി ലാണ് അവർ ഈ തുറന്നുപറച്ചിൽ നടത്തിയത്. റാണയുടെ പ്രസംഗത്തിന്‍റെ വീഡിയോ രാഷ്ടീയ എതിരാളികൾ വൈറലാക്കി.

വീഡിയോ വൈറലായതോടെ ബിജെപിക്ക് ന്യായവാദങ്ങളില്ലാതായി. സ്വന്തം പാർട്ടിക്കാർക്കു പോലും മോദിയിൽ വിശ്വാസമില്ലാതായി എന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രചരണം. റാണ പറഞ്ഞത് പരമാർത്ഥമാണെന്നും ഇന്ത്യാമുന്നണി അധികാരത്തിൽ വരുമെന്നും ശിവസേന (ഉദ്ധവ് ) നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

നടിയായ റാണ അമരാവതിയിൽ കടുത്ത മത്സരമാണ് നേരിടുന്നത്. മാധ്യമ പ്രവർത്തകരെ ഒഴിവാക്കി പാർട്ടി പ്രവർത്തകരോടായി നടത്തിയ പ്രസംഗം വലിയ തലവേദനയായി മാറി. “ഈ തിരഞ്ഞെടുപ്പിനെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന പോലെ കണക്കാക്കി നമ്മൾ സജീവമാകണം. മോദി തരംഗമുണ്ടെന്ന മിഥ്യാബോധവുമായി വീട്ടിൽ കുത്തിയിരിക്കരുത്. കഴിഞ്ഞ തവണ മോദി തരംഗമുണ്ടായിട്ടും താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു” വെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് റാണ ബിജെപിയിൽ ചേർന്നത്.

റാണ പറഞ്ഞത് പരമാർത്ഥമാണ്. രാജ്യത്തൊരിടത്തും മോദി തരംഗമില്ല. ബിജെപിയെ ജനങ്ങൾ വെറുത്തു തുടങ്ങിയെന്നാണ് എൻസിപി, ശിവസേന, കോൺഗ്രസ് സഖ്യനേതാക്കൾ പറയുന്നത്. പരാജയഭീതി മണത്തിട്ടാണ് പ്രതിപക്ഷ പാർട്ടികളിലെ അഴിമതിക്കാരെ ചാക്കിട്ട് ബിജെപി പാളയത്തിലേക്ക് കൊണ്ടു പോകുന്നതെന്ന് എൻസിപി ( പവാർ ) നേതാവ് മഹേഷ് തപാസെ പറഞ്ഞു. റാണക്ക് പാർട്ടി ടിക്കറ്റ് നൽകിയതിൽ മണ്ഡലത്തിൽ കടുത്ത എതിർപ്പ് നിലനിൽക്കുമ്പോഴാണ് അവരുടെ ഈ തുറന്നുപറച്ചിൽ. തെലുങ്ക്, പഞ്ചാബി, മറാത്തി സിനിമകളിൽ സജീവമായിരുന്ന റാണ 2014ലാണ് തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് വരുന്നത്.

മലപ്പുറത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി അബ്ദുൾ സലാം ബിജെപിയുടെ നയമില്ലായ്മയെക്കുറിച്ചും മുസ്ലീങ്ങളെ പാർട്ടി ഒറ്റപ്പെടുത്തി നിർത്തുന്നതിനെപ്പറ്റിയും മാധ്യമങ്ങളോട് തുറന്നുപറഞ്ഞതും വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top