നിലവാരമുള്ള ചെറുചിത്രങ്ങളെ രാജ്യം പിന്തുണയ്ക്കുന്നില്ല; പായല്‍ കപാഡിയയുടെ അനുഭവം തെളിവെന്ന് നവാസുദ്ദീന്‍ സിദ്ദീഖി
കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയ പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ വിജയത്തില്‍ ഇന്ത്യയ്ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും, ആ ചിത്രത്തിന് വാഗ്ദാനം ചെയ്ത ഇളവുകള്‍ പോലും ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ലെന്നും സംവിധായകന്‍ അനുരാഗ് കശ്യപ് അടുത്തിടെ പറഞ്ഞിരുന്നു. അനുരാഗ് കശ്യപിന്റെ വാക്കുകളെ ശരിവയ്ക്കുന്ന തരത്തിലാണ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ പ്രതികരണവും. ഇത്തരം ചെറു ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
“അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ രാജ്യം ആദരിക്കപ്പെടുന്നതിന് കാരണം ഇവിടുത്തെ ചെറിയ സ്വതന്ത്ര സിനിമകളാണ്. ഇക്കുറി കാന്‍ അത് തെളിയിച്ചു.”
നിരവധി യുവ സംവിധായകര്‍ അവരുടെ തിരക്കഥകളുമായി തന്നെ സമീപിക്കുന്നുണ്ടെങ്കിലും അവയില്‍ പലതും നിര്‍മിക്കാന്‍ ആളില്ലെന്നതാണ് അവസ്ഥയെന്നും വാണിജ്യപരമായി വിജയം നേടുന്ന സിനിമകള്‍ക്ക് പുറകെ മാത്രമേ നിര്‍മാതാക്കള്‍ പോകുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
“ഒരുപാട് യുവ സംവിധായകര്‍ തിരക്കഥയുമായി എന്റെ അടുത്ത് വരാറുണ്ട്. അവയെല്ലാം വളരെ മനോരമായ തിരക്കഥകളാണ്. ആ സിനിമകളെ പിന്തുണയ്ക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ നിര്‍മാതാക്കളുമായി മീറ്റിങ് നടത്തുമ്പോള്‍ അവര്‍ പറയും, ‘നവാസ്, ഇതില്‍ ഡ്രാമയോ പാട്ടുകളോ ഫൈറ്റോ ഇല്ല,’ എന്ന്,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യയില്‍ കഴിവുള്ള ധാരാളം പേരുണ്ട്. അത്തരം കഥകള്‍ പറയുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കണം. അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം,” നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here