നക്സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു; അർബുദ ബാധിതനായി ചികിത്സയിലിരിക്കെ അന്ത്യം; വിടപറഞ്ഞത് നക്സല്‍ വര്‍ഗീസിന്‍റെ സഹപ്രവര്‍ത്തകന്‍
മാനന്തവാടി: നക്സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിപിഐ (എംഎല്‍) റെഡ് ഫ്ലാഗിന്‍റെ സംസ്ഥാന കൗണ്‍സില്‍ ക്ഷണിതാവായിരുന്നു. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്‍റെ ട്രഷറര്‍ കൂടിയായിരുന്നു ഇദ്ദേഹം.
1948ലാണ് കൃഷ്ണന്‍ വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വാളാടേയ്ക്ക് കുടിയേറിയത്. സ്കൂള്‍ പഠനകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന് നക്‌സല്‍ വര്‍ഗീസിനോടൊപ്പം പ്രവര്‍ത്തിച്ചു. സിപിഎം വിഭജിച്ചപ്പോള്‍ കൃഷ്ണന്‍ നക്സല്‍ബാരി പക്ഷത്ത് നിലയുറപ്പിച്ചു.
അടിയന്തരാവസ്ഥ കാലത്തും കേരളത്തില്‍ നടന്ന നക്സലൈറ്റ് പ്രക്ഷോഭങ്ങളിലും കൃഷ്ണന്‍ പ്രധാന പങ്ക് വഹിച്ചു. കായണ്ണ പൊലീസ് സ്റ്റേഷന്‍ അക്രമണം, കേണിച്ചിറയിൽ മഠത്തിൽ മത്തായിയെ വധിച്ച സംഭവം തുടങ്ങിയവയില്‍ നേരിട്ട് പങ്ക് വഹിച്ച കൃഷ്ണന് നിരവധി തവണ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വയനാട്ടില്‍ ഉള്‍പ്പെടെ അടുത്തകാലത്ത് നടന്ന ജനകീയ സമരങ്ങളിലെല്ലാം കൃഷ്ണന്‍ സജീവമായിരുന്നു. നക്സല്‍ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചവരില്‍ അവശേഷിച്ച അവസാനത്തെ ആളായിരുന്നു കുന്നേല്‍ കൃഷ്ണന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here