മാപ്പുപറഞ്ഞ് നയൻതാര, അന്നപൂരണി വിവാദത്തിൽ പ്രതികരണം; ‘ഞാനും വിശ്വാസി, ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്’

അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മാപ്പുപറഞ്ഞ് നടി നയൻതാര. താനൊരു വിശ്വാസിയാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. താൻ നിരന്തരം അമ്പലങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ഇപ്പോൾ സംഭവിച്ചതിൽ ദുഖമുണ്ടെന്നും ജയ് ശ്രീരാം എന്ന തലക്കെട്ടില്‍ എഴുതിയ പോസ്റ്റില്‍ നയൻതാര വിശദീകരിച്ചു.

മതവികാരങ്ങളെ വ്രണപ്പെടുത്തി എന്ന പരാതിക്കു പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തിരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നയന്‍താര അടക്കം സിനിമയുമായി ബന്ധപ്പെട്ടവർക്കെതിരെ പരാതികൾ ഉയരുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. വിവാദരംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് മാപ്പ് ചോദിച്ചുകൊണ്ട് നിര്‍മാണ പങ്കാളിയായ സീ സ്റ്റുഡിയോസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നയന്‍താരയുടെ പോസ്റ്റ്‌.

‘ഒരു സിനിമയ്ക്കപ്പുറം തളരാതെ മുന്നോട്ട് പോകാനുള്ള ഊര്‍ജം വളര്‍ത്തിയെടുക്കാനുള്ള പ്രചോദനമായിരുന്നു അന്നപൂരണി. പോസിറ്റീവ് സന്ദേശം നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ അത് പലരേയും വേദനിപ്പിച്ചു. സെന്‍സര്‍ ചെയ്ത് തീയറ്ററില്‍ ഇറങ്ങിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല. ഞാനും എന്റെ ടീമും ഒരിക്കലും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഞങ്ങള്‍ കാരണം വേദനിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു’ നയന്‍താര കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top