നയൻതാരക്കും ഭർത്താവിനും നെറ്റ്ഫ്ലിക്സ് നൽകിയത് 25 കോടി; ഒരു മണിക്കൂർ 21 മിനുട്ടിൽ ‘നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ ഡോക്യു ഫിലിം
തെന്നിന്ത്യൻ ചലച്ചിത്ര നടിയായ നയൻതാരയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഡോക്യു ഫിലിമിൻ്റെ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് നവംബർ പതിനെട്ടിന്. താരത്തിൻ്റെ പിറന്നാൾ ദിനമായതിനാലാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്. ‘നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനാണ്. ഒരു മണിക്കൂർ 21 മിനിട്ടാണ് ഫിലിമിൻ്റെ ദൈർഘ്യം.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലെ നായികയായാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത്. അവിടെ നിന്ന് തമിഴിലേക്ക് ചുവടുവെച്ച താരം ലേഡി സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് വളരുകയായിരുന്നു. മലയാളത്തിൽ ജയറാമിൻ്റെ നായികയായി തുടങ്ങി, പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.
അധികമാർക്കും അറിയാത്ത നയൻതാരയുടെ സ്വകാര്യ ജീവിതത്തെ ആരാധകർക്ക് മുന്നിൽ എത്തിക്കുകയാണ് ഡോക്യു ഫിലിം. സിനിമയിലെ താരമെന്നതിനപ്പുറം മകൾ, സഹോദരി, ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ റോളുകളും പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
2015 ൽ പുറത്തിറങ്ങിയ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ചിത്രത്തിന്റെ സംവിധായകനായ വിഘ്‌നേശ് ശിവനുമായി നയൻതാര പ്രണയത്തിലായിരുന്നു. പിന്നീട് 2022 ജൂൺ ഒൻപതിന് ഇരുവരും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വച്ചായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം. സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് മാത്രമായിരുന്നു ചടങ്ങിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുമതി നൽകിയിരുന്നത്. ‘വിവാഹത്തിന്റെ സ്ട്രീമിങ് അവകാശത്തിനു വേണ്ടി 25 കോടിയാണ് പ്രതിഫലമായി നയൻതാരയ്ക്കും വിഘ്നേശിനും നെറ്റ്ഫ്ലിക്സ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ.താരത്തിന്റെ വിവാഹവും, കരിയറും ഉൾപ്പടെ അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ഡോക്യുഫിലിം ഒരുക്കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here