എന്തുകൊണ്ട് തോറ്റു; കൃത്യമായ ഉത്തരവുമായി എന്‍സിപി രാഷ്ട്രീയ രേഖ; കാരണഭൂതന്‍ അവിടെ തന്നെയുണ്ട്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം, സിപിഐ തുടങ്ങി ഇടതു മുന്നണിയിലെ വലിയ കക്ഷികളെല്ലാം എങ്ങുംതൊടാതെ പറഞ്ഞ് പോകുമ്പോള്‍ കൃത്യമായ കാരണം പറഞ്ഞിരിക്കുകയാണ് എന്‍സിപി. മുന്നണിയിലെ ചെറിയ പാര്‍ട്ടിയാണെങ്കിലും വലിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമര്‍ശനമാണ് അതില്‍ പ്രധാനം. സിപിഐ യോഗങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുണ്ടായി എന്ന വിവരങ്ങള്‍ പുറത്തുവന്നു എങ്കിലും ഔദ്യോഗികമായി അതിന് ഒരു സ്ഥിരീകരണം ഉണ്ടായില്ല. എന്നാല്‍ എന്‍സിപിയില്‍ അങ്ങനെയല്ല. മാധ്യമങ്ങളെ ശത്രുപക്ഷത്താക്കി, ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം, പൗരപ്രമുഖന്‍മാരുമായുളള കൂടിക്കാഴ്ച ഇങ്ങനെ കാരണഭൂതന്‍ മുഖ്യമന്ത്രി തന്നെ എന്ന നിലക്കാണ് എന്‍സിപിയിലെ രാഷ്ട്രീയ രേഖ വിമര്‍ശിക്കുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഭരണ നേതൃത്വം തെറ്റില്‍ നിന്നും തെറ്റിലേക്ക് പോയപ്പോള്‍ ജനങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന രൂക്ഷമായ വിമര്‍ശനമാണ് എന്‍സിപി പറയുന്നത്. വിലക്കയറ്റം, കുത്തഴിഞ്ഞ ആരോഗ്യ സംവിധാനം, കെഎസ്ആര്‍ടിസി, സഹകരണ മേഖലയിലെ തട്ടിപ്പ്, കണ്ണൂരിലെ ബോംബ് സ്‌ഫോടനം, കരുവന്നൂര്‍, കോടികള്‍ പൊടിച്ചുളള നവകേരള യാത്ര ഇങ്ങനെ തോല്‍വിയുടെ കാരണങ്ങള്‍ നിരത്തുകയാണ് എന്‍സിപി. എസ്.എഫ്.ഐയും പരാജയ കാരണം ആയിട്ടുണ്ട്. ഇടത് സംഘടനയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പോലും വോട്ട് ചെയ്തില്ലെന്നും എന്‍സിപി പറയുന്നു. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ഇടത് കണ്‍വീനര്‍ ഇപി ജയരാജനും വിമര്‍ശനമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടതുമുന്നണിയിലെ ഒരു കക്ഷി നടത്തിയ ശരിയായ രാഷ്ട്രീയ വിലയിരുത്തലെന്നാണ് എന്‍സിപിയുടെ രാഷ്ട്രീയ രേഖയെ കണക്കാക്കേണ്ടത്. എന്നാല്‍ എന്‍സിപിയുടെ കൈവശമുള്ള വനംവകുപ്പിനെ സംബന്ധിച്ച് ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ല. വന്യമൃഗ ആക്രമണങ്ങളുടെ പേരില്‍ വനംവകുപ്പിനെതിരെ രൂക്ഷമായ ജനവികാരം ഉയര്‍ന്നിരുന്നു. അതിപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇത് കാണാതെ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് എന്‍സിപി.
ഒളിഞ്ഞും തെളിഞ്ഞും മുഖ്യമന്ത്രിക്കെതിരെ ചെറിയ വിമര്‍ശനങ്ങള്‍ മറ്റ് പാര്‍ട്ടിയില്‍ ഉയരുന്നുണ്ടെങ്കിലും എല്ലാത്തിനും കാരണഭൂതന്‍ എന്ന നിലയിലുളള വിമര്‍ശനം ആദ്യമാണ്. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നു. ജനോപകാര പ്രദമായ ഒന്നും ചെയ്തില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ടു. ഇതാണ് എന്‍സിപിയുടെ വിലയിരുത്തല്‍. എന്നാല്‍ എന്‍സിപിയിലെ രാഷ്ട്രീയ രേഖ എന്നതിനപ്പുറം മറ്റൊരു ചര്‍ച്ചയും ഇതില്‍ ഉണ്ടാകാന്‍ ഇടയില്ല. മുന്നണി യോഗത്തില്‍ നിലവിലെ സാഹചര്യത്തില്‍ എന്‍സിപി പ്രതിനിധികളായെത്തുന്ന പിസി ചാക്കോയോ, മന്ത്രി എകെ ശശീന്ദ്രനോ ഉന്നയിക്കാന്‍ സാധ്യതയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here