കൊല്ലപ്പെട്ട ബാബാ സിദ്ദിഖിക്ക് ബോളിവുഡില്‍ വന്‍ ബന്ധങ്ങള്‍; വധത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയിയോ

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖി വധത്തില്‍ അന്വേഷണം മുംബൈ പോലീസ് ഊര്‍ജിതമാക്കി. ഇന്നലെ രാത്രിയാണ് മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ സിഷന്‍ ബാന്ദ്രയുടെ ഓഫീസില്‍ വച്ച് സിദ്ദിഖി വെടിയേറ്റ്‌ മരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്.

മുന്‍ മന്ത്രിയായിരുന്ന സിദ്ദിഖി കഴിഞ്ഞ ഫെബ്രുവരിയിലാണ് കോണ്‍ഗ്രസ് വിട്ട് എന്‍സിപി അജിത്‌ പവാര്‍ പക്ഷത്ത് ചേരുന്നത്. കേസില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിരുന്നു. 2004- 2008 കാലത്താണ് ഭക്ഷ്യവകുപ്പ് മന്ത്രിയായത്. നേതൃത്വവുമായി ഇടഞ്ഞതോടെ മകന്‍ സീഷനെ കഴിഞ്ഞ ഓഗസ്റ്റില്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. സിദ്ദിഖിക്കെതിരെ വധഭീഷണിയുണ്ടായതിനെ തുടര്‍ന്ന് വൈ ക്യാറ്റഗറി സുരക്ഷയിലായിരുന്നു അദ്ദേഹം.

ബോളിവുഡില്‍ വന്‍ ബന്ധങ്ങളുള്ള രാഷ്ട്രീയ നേതാവാണ്‌ സിദ്ദിഖി. അദ്ദേഹത്തിന്റെ ഇഫ്താര്‍ പാര്‍ട്ടികളില്‍ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുക്കാറുണ്ട്. സല്‍മാനും ഷാരൂഖും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചത് സിദ്ദിഖിയുടെ മധ്യസ്ഥതയിലായിരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെയുള്ള വെടിവയ്പ്പും സിദ്ദിഖി വധവുമായി ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ലോറന്‍സ് ബിഷ്ണോയി അധോലോക സംഘത്തില്‍ വധഭീഷണി നേരിടുന്ന താരമാണ് സല്‍മാന്‍ ഖാന്‍. അദ്ദേഹത്തിന്റെ വീടിനു നേരെ മാസങ്ങള്‍ക്ക് മുന്‍പ് വെടിവയ്പ്പുണ്ടായിരുന്നു.

നഗരത്തില്‍ ദസറ ആഘോഷങ്ങള്‍ക്കിടയിലാണ് സിദ്ദിഖി വധം. ഈ വര്‍ഷം അവസാനം മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. അതിനിടയിലുണ്ടായ എന്‍സിപി നേതാവിന്റെ വധം സര്‍ക്കാരിന് തലവേദനയുണ്ടാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top