‘വെടിയുണ്ടകളുടെ എണ്ണമറിയില്ല’; ബാബ സിദ്ദിഖിന് എന്ത് സംഭവിച്ചു ? ഡോക്ടർമാർ പറഞ്ഞത്…

വെടിയേറ്റ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദിഖ് ലീലാവതി ആശുപത്രിയിൽ എത്തിക്കും മുമ്പ് മരിച്ചതായി ഡോക്ടർമാർ. ചികിത്സക്കായി എത്തിക്കുന്നതിന് മുമ്പ് അമിതമായി രക്തം നഷ്ടപ്പെട്ടത്തിനെ തുടർന്ന് സിദ്ദിഖ് അബോധാവസ്ഥയിൽ ആയിരുന്നു. ജീവനുണ്ടായിരിക്കാൻ സാധ്യതയില്ലായിരുന്നു എന്ന് ഒരു ഡോക്ടർ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

രണ്ട് മണിക്കൂർ നീണ്ടുനിന്ന പുനരുജ്ജീവന ശ്രമങ്ങൾ നത്തിയെങ്കിലും രാത്രി പതിനൊന്നരയോടെ മരണം സ്ഥിരീകരിക്കുയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ നെഞ്ചിൻ്റെ മുൻഭാഗത്ത് രണ്ട് വെടിയുണ്ടകൾ ഉണ്ടായിരുന്നു. ധാരാളം രക്തം നഷ്ടപ്പെട്ടു, കുടുംബാംഗങ്ങൾ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു,” മറ്റൊരു ഡോക്ടർ പറഞ്ഞതായും പിടിഐ റിപ്പോർട്ട് ചെയ്തു.

എൻസിപി നേതാവിനെ ആദ്യം എമർജൻസി വാർഡിൽ പ്രവേശിപ്പിച്ചു. മാറ്റമൊന്നും കാണാത്തതിനെ തുടർന്ന് പിന്നീട് ഐസിയുവിലേക്ക് മാറ്റി.അപ്പോൾ ഹൃദയ പ്രവർത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എത്ര വെടിയുണ്ടകൾ ശരീരത്തിലേറ്റു എന്ന് പരിശോധിക്കാൻ സമയമുണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൃത്യമായ എണ്ണവും സ്വഭാവവും വെളിപ്പെടുത്തുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ ഇന്നലെയാണ് ബാന്ദ്രയിൽ മൂന്നു പേർ ചേർന്ന് വെടിവച്ചു കൊന്നത്. അദ്ദേഹത്തിൻ്റെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിൻ്റെ ഓഫീസിന് പുറത്തുവച്ചാണ് വെടിവച്ചത്. 66 കാരനായ സിദ്ദിഖിനെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് മണിക്കൂറുകൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. പ്രതികൾക്ക് അധോലോക ബന്ധമുണ്ടെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ചേരി പുനരധിവാസ കേസുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ യഥാർത്ഥ കാരണം അന്വേഷണ ഏജൻസികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ പെട്ടവരാണ് അറസ്റ്റിലായതെന്നാണ് സൂചനകൾ. ക്രൈം ബ്രാഞ്ച് ഇവരെ ചോദ്യം ചെയ്യുകയാണ്. ലോറൻസ് ബിഷ്‌ണോയിയിൽ നിന്ന് ഭീഷണി നേരിടുന്ന ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള സിദ്ദിഖിൻ്റെ ബന്ധമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top