ബാബാ സിദ്ദിഖി വധക്കേസ് പ്രതികള്‍ വെടിവയ്പ് പരിശീലിച്ചത് യൂട്യൂബ് വീഡിയോകൾ കണ്ട്; കേസില്‍ ഒരു പ്രതികൂടി പിടിയില്‍
എന്‍സിപി അജിത് വിഭാഗത്തിന്റെ നേതാവായ ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ പ്രതികള്‍ വെടിവയ്പിനുള്ള പരിശീലനത്തിന് ആശ്രയിച്ചത് യൂട്യൂബ് വീഡിയോകളെ. അറസ്റ്റിലായ പ്രതികളായ ഗുർമൈൽ സിങ്ങും ധര്‍മരാജ് കശ്യപും ചോദ്യം ചെയ്യലിനിടെയാണ് ഈ കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്.
കേസിൽ നിരവധി സാക്ഷികളടക്കം പതിനഞ്ചിലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്ക് പണവും ആയുധങ്ങളും നൽകിയ ആളാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ബാബാ സിദ്ദിഖി വധത്തിന്റെ ഉത്തരവാദിത്തം അധോലോക സംഘമായ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാനോടുള്ള അടുപ്പമാണ് സിദ്ദിഖിയെ വധിക്കാന്‍ കാരണമെന്നാണ് ഇവര്‍ പറഞ്ഞത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സല്‍മാന്‍ ബിഷ്‌ണോയ് വിഭാഗത്തിന്റെ മതവികാരത്തെ വൃണപ്പെടുത്തി എന്നാരോപിച്ചാണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പ് സല്‍മാന് എതിരെ രംഗത്തുവന്നത്. മുംബൈ ബാന്ദ്രാ ഈസ്റ്റിലുള്ള ഓഫീസില്‍വച്ച് ശനിയാഴ്ചയാണ് ബാബാ സിദ്ദിഖി കൊല്ലപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here